
കൊച്ചി: തമിഴ്‌നാട്ടിൽ കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്‌സിന്റെ ഉടമ ലെജൻഡ് ശരവണൻ തന്റെ ആദ്യ ചിത്രമായ 'ദി ലെജൻഡി'ന്റെ പ്രൊമോഷനായി കൊച്ചിയിൽ എത്തി. ചിത്രത്തിലെ നായികയായ ബോളിവുഡ് താരവും 2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയുമായ ഉർവശി റൗട്ടേല, ചിത്രത്തിൽ ഗാനരംഗത്തിലെത്തുന്ന റായ് ലക്ഷ്‌മി എന്നിവരോടൊപ്പമാണ് താരം കൊച്ചിയിലെത്തിയത്.
വിമാനത്താവളത്തിൽ അദ്ദേഹത്തെ പൂമാല അണിയിച്ച് വരവേറ്റു. കൂടാതെ ആഡംബര കാറിന് അകമ്പടി സേവിച്ച് ബുള്ളറ്റിൽ യുവാക്കളുമുണ്ടായിരുന്നു. ലെജൻഡ് ചിത്രത്തിന്റെ പോസ്റ്റർ അണിഞ്ഞ ടീഷർട്ട് ഇവർ ധരിച്ചിരുന്നു.
52കാരനായ ലെജൻഡ് ശരവണന്റെ ആദ്യ സിനിമയാണ് ദി ലെജൻഡ്. ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് താരം എത്തുന്നത്. അന്തരിച്ച നടൻ വിവേക് അവസാനമായി അഭിനയിച്ച സിനിമ കൂടിയാണിത്. പ്രഭു, യോഗി ബാബു, ഗീതിക, തമ്പി രാമയ്യ, വിജയകുമാർ, സുമൻ, കോവൈ സരള, മൻസൂർ അലി ഖാൻ എത്തിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ജെ ഡി ജെറിയാണ് ലെജൻഡിന്റെ സംവിധാനം നിർവഹിക്കുന്നത്. ലെജൻഡ് ശരവണൻ തന്നെയാണ് നിർമാണം. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. ജൂലായ് 28ന് ചിത്രം തിയേറ്ററുകളിൽ എത്തും.