
ചണ്ഡിഗഢ്: പത്താം ക്ലാസ് സി ബിഎസ് ഇ പരീക്ഷയിൽ 100 ശതമാനം മാർക്ക് നേടിയാണ് അഞ്ജലി യാദവ് പാസായത്. എന്നാൽ മകളുടെ വിജയത്തിൽ അമിതമായി സന്തോഷിക്കാൻ അവളുടെ അമ്മയ്‌ക്ക് കഴിഞ്ഞില്ല. തുടർപഠനമാണ് ഇവരുടെ മുന്നിലെ വെല്ലുവിളി.
കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലാണ് അഞ്ജലിയും കുടുംബവും മുന്നോട്ട് പോകുന്നത്. ചെറുപ്പം മുതൽ പഠിക്കാൻ മിടുക്കിയായിരുന്ന മകളുടെ ആഗ്രഹം ഡോക്ടറാകണമെന്നാണ്. എന്നാൽ ഇതെങ്ങനെ സാധിച്ചു കൊടുക്കുമെന്ന് അറിയാതെയാണ് അമ്മ ഊർമ്മിള വിഷമിക്കുന്നത്.
ഫലപ്രഖ്യാപനം വന്നതിന് പിറ്റേ ദിവസം മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അഞ്ജലിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കിയ അദ്ദേഹം അഞ്ജലിക്ക് പ്രതിമാസം 20000 രൂപയുടെ സ്കോളർഷിപ്പും വാഗ്ദാനം ചെയ്തു.
ഞായറാഴ്ച മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ യാദവിനെ വിളിച്ച് അഭിനന്ദിച്ചപ്പോൾ പെൺകുട്ടി തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിയിക്കുകയും ഉടൻ തന്നെ പ്രതിമാസം 20,000 രൂപ സ്‌കോളർഷിപ്പ് വാഗ്ദാനം ചെയ്യുകയും ചെയ്തു.
പിതാവ് അർദ്ധസൈനിക വിഭാഗത്തിലായിരുന്നവെങ്കിലും 2010ൽ ഉണ്ടായ അപകടത്തെ തുടർന്ന് അദ്ദേഹത്തിന് ജോലി നഷ്ടമായി. 10 ലക്ഷം രൂപ നഷ്ടപരിഹാരമായി കിട്ടിയെങ്കിലും ചികിത്സയും പഠനവും കൂടിയായതോടെ കുടുംബം ദുരിതത്തിലായി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു സഹോദരനും അഞ്ജലിക്കുണ്ട്.
'ഞങ്ങളുടെ ദുരിതം കണ്ട് സ്കോളർഷിപ്പ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയോട് നന്ദിയുണ്ട്. തുച്ഛമായ സാമ്പത്തികം കൊണ്ട് മകളുടെ പഠനവും വീട്ടുച്ചെലവും മുന്നോട്ട് കൊണ്ടുപോകാനാകുമായിരുന്നില്ല. അവൾ പഠിച്ച് ഡോക്ടറായാൽ ഞങ്ങളുടെ കഷ്ടപ്പാടെല്ലാം കുറയും. ' ഊർമിള പറഞ്ഞു.