
കൊച്ചി: ഇലക്‌ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജിയുടെ 450 എക്‌സ് ജനറേഷൻ 3 ശ്രേണി കേരള വിപണിയിലെത്തി. 3.7 കെ.ഡബ്ള്യു.എച്ച് ബാറ്ററിയുമായി 450 എക്‌സ്., 450 പ്ളസ് എന്നീ മോഡലുകളാണ് സ്‌പേസ് ഗ്രേ, മിന്റ് ഗ്രീൻ, വെള്ള നിറഭേദങ്ങളിൽ ഏഥർ അവതരിപ്പിച്ചത്.
450 എക്‌സിന് 1.57 ലക്ഷം രൂപയും 450 പ്ളസിന് 1.35 ലക്ഷം രൂപയുമാണ് കൊച്ചി എക്‌സ്‌ഷോറൂം വില. 80 കിലോമീറ്ററാണ് ടോപ് സ്പീഡ്. 0-100 കിലോമീറ്റർ വേഗം 3.3/3.9 സെക്കൻഡിൽ കൈവരിക്കും. ബാറ്ററി ഒറ്റത്തവണ ഫുൾചാർജിൽ 105 കിലോമീറ്റർ വരെ ഓടാം. 146 കിലോമീറ്ററാണ് സർട്ടിഫൈഡ് റേഞ്ച്. എക്കോ, റൈഡ്, സ്പോർട്ട്, വാർപ് റൈഡിംഗ് മോഡുകളുണ്ട്.
പോർട്ടബിൾ ചാർജർ, അതിവേഗ ചാർജിംഗ്, 22 ലിറ്റർ ബൂട്ട്‌സ്‌പേസ്, നാവിഗേഷനും ബ്ളൂടൂത്തും പാട്ടും ഡോക്യുമെന്റ് സ്റ്റോറേജും ഉൾപ്പെടെ നിരവധി ഫീച്ചറുകളുള്ള ഏഴിഞ്ച് ടച്ച് സ്ക്രീൻ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിങ്ങനെ സവിശേഷതകളും പുത്തൻ മോഡലുകൾക്കുണ്ടെന്ന് ഏഥർ എനർജി മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് നിലയ് ചന്ദ്ര പറഞ്ഞു.