
ഇന്ത്യൻ വനിതാ 4-100 മീറ്റർ റിലേ ടീം അംഗം ഉത്തേജക പരിശോധനയിൽ കുടുങ്ങി
തിരുവനന്തപുരം : ഒറിഗോണിൽ നീരജ് ചോപ്ര നേടിയ വെള്ളി വെളിച്ചം കെടുത്തി ഇന്ത്യൻ അത്‌ലറ്റിക്സിൽ വീണ്ടും ഉത്തേജക മരുന്നടി. ഈ മാസം 28ന് ബർമിംഗ്ഹാമിൽ തുടങ്ങുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ 4-100 മീറ്റർ റിലേ ടീമിൽ അംഗമായ മലയാളി താരമാണ് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതെന്ന് പേര് വെളിപ്പെടുത്താനാവാത്ത കേന്ദ്രങ്ങൾ 'കേരള കൗമുദി'യോട് പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിനുള്ള രണ്ട് വനിതാ അത്‌ലറ്റുകൾ കഴിഞ്ഞയാഴ്ച ദേശീയ ആന്റി ഡോപ്പിംഗ് ഏജലൻസി നടത്തിയ പരിശോധനയിൽ കുടുങ്ങിയിരുന്നു.
ട്രിപ്പിൾ ജമ്പിലെ ദേശീയ റെക്കാഡുകാരി ഐശ്വര്യ ബാബുവും 4-100 മീറ്റർ റിലേ ടീമിൽ അംഗമായിരുന്ന ധനലക്ഷ്മിയുമായിരുന്നു ഇത്. ചെന്നൈയിൽ കഴിഞ്ഞ മാസം നടന്ന സീനിയർ ഇന്റർസ്റ്റേറ്റ് മീറ്റിനിടെ ശേഖരിച്ച സാമ്പിളിലാണ് മൂന്നാമത്തെ താരവും കുടുങ്ങിയത്. രണ്ട് വർഷം മുമ്പ് ദേശീയ ക്യാമ്പിലെത്തിയ താരമാണ് ഇപ്പോൾ പിടിക്കപ്പെട്ടത്. ഐശ്വര്യയെയും ധനലക്ഷ്മിയെയും കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ പരിശോധനാഫലവും പുറത്തുവന്നതോടെ ആറംഗ റിലേ ടീം നാലംഗ സംഘമായി മാറി. ഈ സാഹചര്യത്തിൽ ലോംഗ് ജമ്പ് താരം ആൻസി സോജൻ, ഹഡിൽസ് താരം ജ്യോതിയരാജി എന്നിവരെ റിലേ ടീമിലെ റിസർവുകളാക്കി മാറ്റും.
മരുന്നടി മാരകം
2010 കോമൺവെൽത്ത് ഗെയിംസിന് പിന്നാലെയുണ്ടായ ഉത്തേജക മരുന്നടിക്ക് ശേഷം ഇന്ത്യൻ അത്‌ലറ്റിക്സിൽ വ്യാപകമായി താരങ്ങൾ പരിശോധനയിൽ പരാജയപ്പെടുന്നത് ഇപ്പോഴാണ്.
കഴിഞ്ഞ വർഷം നടന്ന ടോക്യോ ഒളിമ്പിക്സിന് ശേഷം എട്ട് ഇന്ത്യൻ അത്‌ലറ്റുകളാണ് പിടിക്കപ്പെട്ടത്.
ഇപ്പോൾ പിടിക്കപ്പെട്ടവർക്ക് മുന്നേ കമൽപ്രീത് കൗർ(ഡിസ്കസ് ത്രോ),ശിവ്പാൽ സിംഗ്,രാജേന്ദർ സിംഗ്, (ജാവലിൻ),എം.ആർ പൂവമ്മ(400മീറ്റർ),തരൻജീത് കൗർ(100 മീറ്റർ ) എന്നിവരാണ് കുടുങ്ങിയത്.
152
ഡോപ് കേസുകളുമായി ഇന്ത്യ അന്താരാഷ്ട്ര ഉത്തേജക മരുന്നടിയിൽ മൂന്നാം സ്ഥാനത്താണ്. റഷ്യയാണ് (167 കേസുകൾ) ഒന്നാമത്.ഇറ്റലി (157) മൂന്നാം സ്ഥാനത്ത്.