ദിലീഷ് പോത്തനൊപ്പം നാലാം തവണയും ബേസിൽ ജോസഫിനൊപ്പം ആദ്യമായും ഒരുമിക്കുന്നു

ദിലീഷ് പോത്തനും ബേസിൽ ജോസഫും സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ ഫഹദ് ഫാസിൽ നായകൻ. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിൽ അഭിനയിക്കാൻ ഒരുങ്ങുന്ന ഫഹദ് ഫാസിൽ തുടർന്ന് ദിലീഷ് പോത്തന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് തീരുമാനം. ഒരു മാസ് ചിത്രമാണ് ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്.
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ ചിത്രങ്ങൾക്കുശേഷം തുടർച്ചയായി നാലാമത്തെ ചിത്രത്തിന് വേണ്ടി ഇരുവരും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങൾക്കുശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ആദ്യമായാണ് ഫഹദ് ഫാസിലും ബേസിൽ ജോസഫും ഒരുമിക്കുന്നത്. അടുത്തവർഷം ചിത്രീകരണം ആരംഭിക്കാനാണ് ആലോചന.
ബേസിലിനെ നായകനാക്കി ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പാൽതു ജാൻവർ ഒാണത്തിന് റിലീസ് ചെയ്യും.നവാഗതനായ വി.പി. സജിമോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞാണ് ഫഹദിന്റെ പുതിയ റിലീസ്. ഫാസിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചയിതാവും ഛായാഗ്രാഹകനും മഹേഷ് നാരായണൻ ആണ്. അതേസമയം ക്രിസ്മസ് റിലീസാണ് പാച്ചുവും അത്ഭുത വിളക്കും.