
ചെന്നൈ: തിരുവള്ളൂർ, കിലാച്ചേരിയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയും, തിരുത്തണി തെക്കളൂരിൽ പൂസനം - മുരുകമ്മാൾ ദമ്പതികളുടെ മകളുമായ പി. സരളയെയാണ് (17) സ്‌കൂളിനോട് ചേർന്ന ഹോസ്റ്റൽ മുറിയിൽ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂളിന് മുന്നിൽ പ്രതിഷേധിക്കുന്ന കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും റോഡുപരോധിച്ചു.
രാവിലെ സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരുന്ന സരള അവർ ആഹാരം കഴിക്കാൻ പോയ സമയം തൂങ്ങി മരിച്ചെന്നാണ് പറയപ്പെടുന്നത്. എന്നാൽ വിഷം കഴിച്ചാണ് സരള മരിച്ചതെന്നാണ് സ്‌കൂൾ അധികൃതർ അറിയിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മറ്റുകാര്യങ്ങളൊന്നും ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഡി.ഐ.ജി എം. സത്യപ്രിയ, തിരുവള്ളൂർ എസ്.പി. സെഫാസ് കല്യാൺ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാഴ്‌ചക്കിടെ രണ്ട് മരണം
രണ്ടാഴ്ചയ്‌ക്കിടെ തമിഴ്നാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണിത്. ദിവസങ്ങൾക്ക് മുമ്പ് കള്ളക്കുറിച്ചിയിലെ സ്കൂളിലും പ്ലസ്ടു വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം കലാപമായിമാറിയിരുന്നു.