death

യാങ്കോൺ : മ്യാൻമറിൽ മുൻ എം.പിയേയും മൂന്ന് ആക്ടിവിസ്റ്റുകളെയും സൈന്യം വധശിക്ഷയ്ക്കു വിധേയമാക്കി. രാജ്യത്തെ മുൻ ഭരണാധികാരി ഓംഗ് സാൻ സൂചിയുടെ അനുയായി ആയ ഫിയോ സെയ തോ ( 41 ) ആണ് വധിക്കപ്പെട്ട എം.പി. ജനാധിപത്യാവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ആക്ടിവിസ്റ്റ് കോ ജിമ്മിയും ( 53 ) മരിച്ചവരിൽ ഉൾപ്പെടുന്നു. പട്ടാള ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടത്തിയവരാണ് ഇവർ.

ഭീകര പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്നാരോപിച്ച് അടച്ചിട്ട മുറിയിൽ നടന്ന വിചാരണയ്ക്ക് ശേഷം ജനുവരിയിലാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്‌ക്കെതിരായ അപ്പീലുകൾ കഴിഞ്ഞ മാസം തള്ളിയിരുന്നു. പിന്നാലെയാണ് ഇവരെ തൂക്കിലേറ്റിയത്. യു.എന്നിന്റെ കണക്ക് പ്രകാരം 1988ന് ശേഷം ആദ്യമായാണ് രാജ്യത്ത് ജുഡീഷ്യൽ വധശിക്ഷ നടപ്പിലാക്കുന്നത്.

ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങളും സൗകര്യങ്ങളും നൽകിയെന്നും ജയിൽ നടപടിക്രമങ്ങളും നിയമവും പാലിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്നും അധികൃതരെ ഉദ്ധരിച്ച് മ്യാൻമറിലെ ഔദ്യോഗിക മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.

എം.പിയുടെയും ആക്ടിവിസ്റ്റുകളുടെയും മരണത്തിൽ മ്യാൻമറിൽ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. 2021ൽ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ അതിക്രൂരമായി അടിച്ചമർത്തുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്. സൈന്യം അധികാരത്തിലെത്തിയ ശേഷം ഇതുവരെ ഏകദേശം 114 പേരെങ്കിലും മ്യാൻമറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്.