
കോഴിക്കോട്: മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദിന് ധനം ബിസിനസ്‌മാൻ ഒഫ് ദി ഇയർ 2021 പുരസ്‌കാരം. കൊച്ചിയിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഡോ.കെ.എം.ചന്ദ്രശേഖർ പുരസ്‌കാരം സമ്മാനിച്ചു. വേണുഗോപാൽ സി.ഗോവിന്ദ് ചെയർമാനും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മാനേജിംഗ് ഡയറക്‌ടർ ഡോ.വി.എ.ജോസഫ്, മാദ്ധ്യമപ്രവർത്തകൻ എം.കെ.ദാസ്, മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കളായ സി.ജെ.ജോർജ്, നവാസ് മീരാൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് എം.പി.അഹമ്മദിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനി മലബാർ ഡെവലപ്പേഴ്‌സ് തുടങ്ങി നിരവധി ബിസിനസ് സംരംഭങ്ങൾ മലബാർ ഗ്രൂപ്പിന് കീഴിലുണ്ട്. മലബാർ ഗോൾഡിന് 10 രാജ്യങ്ങളിലായി 280ലേറെ ഷോറൂമുകളും അഞ്ച് രാജ്യങ്ങളിലായി 14 ആഭരണനിർമ്മാണ ഫാക്‌ടറികളുമുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചുശതമാനം സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്കായാണ് ചെലവഴിക്കുന്നത്.