girl-burns

ഇൻഡോർ: കിടക്കയിൽ മൂത്രമൊഴിച്ച കുറ്റത്തിന് ഒമ്പതു വയസുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച വളർത്തമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കുട്ടിയുടെ അടുത്തബന്ധുവായ 48കാരി കുട്ടിയെ ദത്തെടുക്കുകയായിരുന്നു. രാത്രി കിടക്കയിൽ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞായിരുന്നു ക്രൂരതയെന്ന് പൊലീസ് പറഞ്ഞു. തീപ്പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലമുടിയുൾപ്പെടെ പിഴുതെടുത്തുവെന്നും ശരീരത്തിൽ നഖം കൊണ്ടുള്ള മുറിവുകളും കണ്ടെത്തിയതായും ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് പല്ലവി പോർവാൾ പറഞ്ഞു.

'പൊലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വളരെ നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തുന്നത് പരിഗണിക്കണമെന്നും" പല്ലവി ആവശ്യപ്പെട്ടു. അതേസമയം കുട്ടിയുടെ ചികിത്സ തുടരുകയാണെന്നും ഡോക്ടർമാരുമായി വിശദമായി സംസാരിച്ച ശേഷം പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം.