
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പുതിയ പ്രധാനമന്ത്രിയായി അഹ്‌മ്മദ് നവാഫ് അൽ അഹ്‌മ്മദ് അൽ സബാഹ് നിയമിതനായി. കുവൈറ്റ് അമീർ നവാഫ് അൽ അഹ്‌മ്മദ് അൽ ജാബർ അൽ സബാഹിന്റെ മൂത്ത മകനാണ് അഹ്‌മ്മദ്.
അഹ്‌മ്മദിനെ നിയമിക്കുന്നതായും പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതായും കുവൈറ്റ് അമീർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിയുക്ത പ്രധാനമന്ത്രി അധികാരമേൽക്കുന്നതിന് മുന്നേ തന്റെ നാമനിർദ്ദേശം ദേശീയ അസംബ്ലിയെ അറിയിക്കേണ്ടതുണ്ട്.
നിലവിലെ കാവൽ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് അഹ്‌മ്മദ്. 2020 നവംബർ മുതൽ 2022 മാർച്ച് 9 വരെ കുവൈറ്റ് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി കമാൻഡറായിരുന്നു അഹ്‌മ്മദ്. കഴിഞ്ഞ ഏപ്രിലിലാണ് മുൻ പ്രധാനമന്ത്രി സബാഹ് അൽ ഖാലിദ് അൽ സബാഹ് രാജിവച്ചിരുന്നു.