
കോഴിക്കോട്: ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഹൃദയവേദനയുണ്ടെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്റെ ജില്ലയാണ് കോഴിക്കോട്. ഞാൻ കളിച്ചുവളർന്ന് രാഷ്ട്രീയം പഠിച്ച നാട്. അവിടെ നടന്ന കോൺഗ്രസിന്റെ പ്രധാനപ്പെട്ടൊരു പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വേദനയുണ്ട്. പക്ഷെ അതിന്റെ കാരണം ഇപ്പോൾ പറയുന്നില്ല. എന്തുകൊണ്ട് പങ്കെടുത്തില്ലെന്നത് കോൺഗ്രസ് ഹൈക്കമാന്റിനെ രേഖാമൂലം അറിയിക്കും. കോൺഗ്രസാണ് തനിക്ക് എല്ലാം നൽകിയത്. താൻ അത്ര ചെറുതല്ലെന്ന ബോദ്ധ്യവുമുണ്ട്. ഇപ്പോഴുള്ള അഭിപ്രായ ഭിന്നത ആശയപരമാണ്. ഒരു നേതാക്കളോടും വിയോജിപ്പില്ല. എല്ലാ നേതാക്കളോടും ബഹുമാനമുണ്ട്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ തന്നെ വിളിച്ചിരുന്നു. പങ്കെടുക്കാത്തത് സംബന്ധിച്ച് ഹൈക്കമാന്റുമായുള്ള ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ .പി .സി. സി രാഷ്ട്രീയ പഠന കേന്ദ്രം പരിശീലന കളരികൾ സംഘടിപ്പിക്കും
കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിന്റെ തീരുമാനപ്രകാരം കെ. പി. സി .സി രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനം മുതൽ വിവിധ തലങ്ങളിൽ പരിശീലന കളരികൾ സംഘടിപ്പിക്കുമെന്ന് ഡയറക്ടർ ചെറിയാൻ ഫിലിപ്പ്.
കോൺഗ്രസിന്റെ ആശയപരമായ അടിത്തറ ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. രാഷ്ട്രീയ വിദ്യാഭ്യാസത്തിനും സാമൂഹ്യ അവബോധത്തിനും വിദഗ്ദ്ധ സമിതി പാഠ്യപദ്ധതി തയ്യാറാക്കും. പരിശീലന പരിപാടി സംസ്ഥാന വ്യാപകമായി ഒരു തുടർപ്രക്രിയയായിരിക്കും. സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും ജനകീയ പ്രശ്നങ്ങളിലും പ്രമുഖർ പങ്കെടുക്കുന്ന ചർച്ചാ സമ്മേളനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടത്തുമെന്നും ചെറിയാൻ ഫിലിപ്പ് അറിയിച്ചു.