
തിരുവനന്തപുരം: ചിന്തൻ ശിബിരിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദു:ഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രൻ. പങ്കെടുക്കാനാവാത്തതിന്റെ കാരണം സോണിയാ ഗാന്ധിയെ അറിയിക്കുമെന്നും മുല്ലപ്പളളി വ്യക്തമാക്കി. പങ്കെടുക്കാത്തതിന്റെ കാരണം മാദ്ധ്യമങ്ങൾ വഴി പരസ്യപ്പെടുത്തേണ്ട കാര്യമില്ല. മുല്ലപ്പളളി വ്യക്തമാക്കി.
അതേസമയം ചിന്തൻ ശിബിരിലെ പ്രഖ്യാപനങ്ങളെ അദ്ദേഹം സ്വാഗതം ചെയ്‌തു. ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്ത് പാർട്ടിയ്‌ക്ക് എത്താൻ സാധിക്കും. പ്രതിസന്ധികാലത്ത് എല്ലാവരെയും ചേർത്ത് നിർത്തണമെന്നും ആരെങ്കിലും പോയാൽ പോകട്ടെ എന്ന നിലപാടല്ല പാർട്ടി സ്വീകരിക്കേണ്ടതെന്നും സി.രവീന്ദ്രൻ അനുസ്‌മരണ പരിപാടിയിൽ പ്രസംഗിക്കവെ മുല്ലപ്പളളി വ്യക്തമാക്കി.
ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവരെ മുൻപത്തെപോലെ ചേർത്ത് നിർത്തണം. നൂറ്പേരെ പാർട്ടിയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന കാര്യം മനസിലാക്കി എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകണം. കോഴിക്കോട് നടന്ന ചിന്തൻ ശിബിരിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പളളിയും വി.എം സുധീരനും പങ്കെടുത്തിരുന്നില്ല. യോഗത്തിൽ പങ്കെടുക്കാത്തതിനെ ചൊല്ലി വിവിധ കേന്ദ്രങ്ങളിൽ നിന്നും വരുന്ന വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണ്. ബ്രെയിൻ സ്‌റ്റോമിംഗ് സെഷനാണ് കോഴിക്കോട് നടന്നതെന്നും നാളത്തെ കോൺഗ്രസിന്റെ റോഡ്‌മാപ്പ് തയ്യാറാക്കിയ ചിന്തൻ ശിബിരാണ് നടന്നതെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.മുല്ലപ്പളളിയടക്കം മുതിർന്ന നേതാക്കൾ ചിന്തൻ ശിബിരിൽ പങ്കെടുക്കാത്തത് അന്വേഷിക്കുമെന്ന് മുൻപ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചിരുന്നു.