
വാഷിംഗ്ടൺ : കടുത്ത ചൂടിലും കാട്ടുതീയിലും വലഞ്ഞ യൂറോപ്യൻ രാജ്യങ്ങളിൽ ഈ ആഴ്ച മുതൽ താപനില മിതമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. യൂറോപ്പിന്റെ വടക്ക് - പടിഞ്ഞാറൻ മേഖലകളിൽ നിന്ന് ഈ ആഴ്ച താപനില കുറയുമെന്നാണ് വിലയിരുത്തൽ.
സ്പെയിനിൽ സാവധാനമേ താപനില മിതമാകൂ. അതേ സമയം, യു.എസിൽ ചൂട് കൂടുകയാണ്. യു.എസിന്റെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഈ ആഴ്ച 37.8 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. കാലിഫോർണിയയിലെ മാരിപോസ കൗണ്ടിയിൽ യോസമിറ്റി നാഷണൽ പാർക്കിന് സമീപം കഴിഞ്ഞ ദിവസം ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമായിട്ടില്ല.
ഈ വർഷം കാലിഫോർണിയയിലുണ്ടാകുന്ന ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ് ഇത്. ഏകദേശം 2,000ത്തോളം അഗ്നിശമന സേനാംഗങ്ങൾ കാട്ടുതീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ഇതുവരെ 56 ചതുരശ്ര കിലോമീറ്റർ വനഭൂമി നശിച്ചു. പ്രദേശത്തെ 6,000ത്തിലേറെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.