
കൊളംബോ : ശ്രീലങ്കയിൽ പ്രസിഡന്റിന്റെ വസതിയിൽ നിന്ന് കാണാതായ സ്വർണം പൂശിയ 40 പിച്ചള സോക്കറ്റുകൾ വില്ക്കാൻ ശ്രമിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി. പ്രസിഡന്റിന്റെ വസതിയിലെ കർട്ടനുകൾക്കായി ഭിത്തിയിൽ ഉറപ്പിച്ചിരുന്നവയാണ് ഈ സോക്കറ്റുകൾ.
ജൂലായ് 9നാണ് മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ വസതി ഉൾപ്പെടെ കൊളംബോയിലെ സർക്കാർ കെട്ടിടങ്ങൾ പ്രക്ഷോഭകർ അതിക്രമിച്ച് കൈയ്യടക്കിയത്. ഇവിടങ്ങളിൽ നിന്ന് പുരാവസ്തു മൂല്യമുള്ള 1,000 ത്തിലേറെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.