tata

ന്യൂഡൽഹി: ഡിടിസി (ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ)യ്‌ക്ക് വേണ്ടി 1500 ഇലക്‌ട്രിക് ബസുകൾ വിതരണം ചെയ്യാൻ ടാറ്റ. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷന് വേണ്ടി ബസിന്റെ വിതരണവും പരിപാലനവും 12 വർഷത്തേയ്‌ക്ക് നിർവഹിക്കാനാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വാണിജ്യ വാഹന നിർമ്മാണ കമ്പനിയ്‌ക്ക് കരാർ ലഭിച്ചതെന്നും ഇത് അഭിമാനകരമായ നേട്ടമാണെന്നും വാർത്താകുറിപ്പിലൂടെ ടാറ്റ അറിയിച്ചു. കൺവെർജൻസ് എനർജി സർവീസ് ലിമിറ്റഡിന് കീഴിലെ ടെൻഡർ വഴിയാണ് ടാറ്റ ഈ നേട്ടം സ്വന്തമാക്കിയത്.

പൂർണമായും നിർമ്മിച്ച 12 മീറ്റർ എയർകണ്ടീഷൻഡ് ലോഫ്ളോർ ഇലക്‌‌ട്രിക് ബസുകളാണ് ഡിടിസിയ്‌ക്ക് ടാറ്റ നൽകുക. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി കമ്പനി ഇതിനകം 650 ഇലക്‌ട്രിക് ബസുകൾ നൽകി. ഡൽഹി ട്രാൻസ്‌പോർട് കോർപറേഷൻ നൽകുന്ന ഏറ്റവും ഉയർന്ന ഓർഡറാണ് 1500 ബസുകളുടേത്. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ അളവ് കുറയ്‌ക്കാൻ ഈ ബസുകളിലൂടെ സാധിക്കുമെന്നാണ് ഡിടിസി എം.ഡി നീരജ് സെംവാൾ പ്രതീക്ഷിക്കുന്നത്. സ്‌റ്റാർബസ് ഇലക്‌ട്രിക് ബസുകളാണ് കരാർ പ്രകാരം എത്തുക.