
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയാൽ ചൈനക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് ഇന്ത്യൻ വംശജനും ബ്രിട്ടന്റെ മുൻ ധനമന്ത്രിയുമായ ഋഷി സുനാക്. അധികാരത്തിലെത്തുന്ന ആദ്യ ദിവസം തന്നെ അതുണ്ടാകുമെന്നും ഋഷി പറയുന്നു.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയാകാനുള്ള മത്സരത്തിലാണ് ഋഷി. ചൈന, റഷ്യ രാജ്യങ്ങളുടെ കാര്യത്തിൽ ഋഷിയ്ക്ക് ദുർബല നിലപാടാണെന്ന് എതിർ സ്ഥാനാർത്ഥിയും ഫോറിൻ സെക്രട്ടറിയുമായ ലിസ് ട്രസ് വിമർശിച്ചതിന് പിന്നാലെയാണ് ഋഷിയുടെ പ്രതികരണം.
ആഭ്യന്തര, ആഗോള സുരക്ഷകൾക്ക് ചൈന ' ഒന്നാം നമ്പർ ഭീഷണി"യാണെന്നും ബ്രിട്ടണിലെ മുപ്പതോളം കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പൂട്ടിക്കുമെന്നും ബ്രിട്ടീഷ് സർവകലാശാലകളിൽ നിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പുറത്താക്കുമെന്നും ഋഷി ആഹ്വാനം ചെയ്തു. വികസ്വരരാജ്യങ്ങളെ കടക്കെണിയിലാക്കി കുടുക്കുകയാണ് ചൈന ചെയ്യുന്നതെന്നും ഋഷി കുറ്റപ്പെടുത്തി.