
വിൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
രണ്ടാം മത്സരത്തിൽ ജയം 2 വിക്കറ്റിന്
അക്ഷർ പട്ടേൽ വിജയ ശില്പി
നിറഞ്ഞാടി സഞ്ജുവും ശ്രേയസും
പോർട്ട് ഒഫ് സ്പെയ്ൻ : അനിശ്ചിതത്വം അവസാന ഓവറോളം നീണ്ട വിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ 2 വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ ഒരു കളികൂടി ശേഷിക്കെ പരമ്പര 2-0ത്തിന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസടിച്ചു. മറുപടിക്കിറങ്ങിയ ഇന്ത്യ 2 പന്തും 2വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (312/8). ജയത്തോടെ ദ്വിരാഷ്ട്ര ഏകദിന പരമ്പരകളിൽ ഒരു ടീമിനെതിരെ തുടർച്ചയായി ഏറ്രവും കൂടുതൽ പരമ്പര വിജയം നേടുന്ന രാജ്യമെന്ന റെക്കാഡ് ഇന്ത്യ സ്വന്തമാക്കി. വിൻഡീസിനെതിരെ ഇന്ത്യയുടെ തുടർച്ചയായ 12-ാം ഏകദിന പരമ്പര വിജയമാണിത്.
അക്ഷർ പട്ടേൽ (35 പന്തിൽ പുറത്താകാതെ 64), സഞ്ജു സാംസൺ (51 പന്തിൽ 54, 3 വീതം സിക്സും ഫോറും), ശ്രേയസ് അയ്യർ (63) എന്നിവരുടെ സമയോചിതമായ അർദ്ധ സെഞ്ച്വറികളാണ് ഒരു ഘട്ടത്തിൽ തോൽവി മുന്നിൽക്കണ്ട ഇന്ത്യയ്ക്ക് ഗംഭീര ജയമൊരുക്കിയത്. സഞ്ജുവിന്റെയും അക്ഷറിന്റെയും കന്നി ഏകദിന അർദ്ധ സെഞ്ച്വറികളാണിത്. ഒരു ഘട്ടത്തിൽ 79/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റിൽ സഞ്ജുവും ശ്രേയസും ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ദീപക് ഹൂഡയും - അക്ഷറും 33 പന്തിൽ കൂട്ടിച്ചേർത്ത 51 റൺസും നിർണായകമായി. അവസാന ഘട്ടത്തിൽ അതിവേഗം റൺസുയർത്തി ഗംഭീര ഫിനിഷിംഗുമായി ഇന്ത്യയെ വിജയ തീരം കടത്തുകയും ബൗളിംഗിൽ ഒരു വിക്കറ്റ് നേടുകയും ചെയ്ത അക്ഷർ പട്ടേലാണ് കളിയിലെ താരം. അക്ഷർ 5സിക്സും മൂന്ന് ഫോറും നേടി. മേയേഴ്സിനെ സിക്സടിച്ചാണ് അക്ഷർ ഇന്ത്യയുടെ വിജയ റൺ നേടിയത്.
നേരത്തേ 100-ാം ഏകദനിത്തിനിറങ്ങി സെഞ്ച്വറി നേടിയ ഓപ്പണർ ഷായ് ഹോപ്പും (115) നായകൻ നിക്കോളാസ് പുരാനും ( 74)ചേർന്നാണ് വിൻഡീസിന്റെ ഇന്നിംഗ്സിന് നങ്കൂരമിട്ടത്. ഇന്ത്യയ്ക്കായി ഷർദ്ദുൾ താക്കൂർ മൂന്ന് വിക്കറ്ര് വീഴ്ത്തി.
സബാഷ്
സഞ്ജു
പ്രതിസന്ധി സമയത്ത് ബാറ്റ് കൊണ്ട് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച മലയാളി വിക്കറ്റ് കീപ്പർ ബാറ്രർ സഞ്ജു സാംസണെ പ്രശംസിച്ച് ക്രിക്കറ്ര് ലോകം.
മൂന്നാം ഏകദിനത്തിനിറങ്ങിയ സഞ്ജു കന്നി അർദ്ധ സെഞ്ച്വറിയുമായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 51 പന്ത് നേരിട്ട് 3 വീതം സിക്സും ഫോറുമുൾപ്പെടെ 54 റൺസാണ് സഞ്ജു നേടിയത്. ശ്രേയസിനും ഹൂഡയ്ക്കുമൊപ്പം നല്ല കൂട്ടുകെട്ടുകൾ സഞ്ജു ഉണ്ടാക്കി. നിർഭാഗ്യവശാൽ അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു.
കഴിഞ്ഞയിടെ അയർലൻഡിനെതിരെ ട്വന്റി-20യിൽ അർദ്ധ സെഞ്ച്വറി സഞ്ജു നേടിയിരുന്നു.