
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഫലമായി സ്വകാര്യ വിദ്യാലയങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ മാറിയെന്ന് സ്പീക്കർ പറഞ്ഞു. ഉയർന്ന മാർക്ക് നേടുകയല്ല മികവിന്റെ അടിസ്ഥാനമെന്നും ജീവിത വിജയം നേടുകയാവണം കുട്ടികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പഠന മികവിൽ മാത്രമല്ല അടിസ്ഥാന സൗകര്യ വികസനത്തിലും കേരളത്തിലെ സ്‌കൂളുകൾ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ കുട്ടികൾക്ക് സ്പീക്കർ പുരസ്‌കാരം നൽകി.
അരുവിക്കര മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 365 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മണ്ഡലത്തിൽ നൂറ് ശതമാനം വിജയം നേടിയ ജി.വി.എച്ച്.എസ്.എസ് വീരണകാവ്, ജി.വി.എച്ച്.എസ്.എസ് അരുവിക്കര, ജി.എച്ച്.എസ് ആനപ്പാറ, ജി.എച്ച്.എസ് ചെറ്റച്ചൽ, പനയ്‌ക്കോട് വി.കെ കാണി ജി.എച്ച്.എസ് എന്നീ സ്‌കൂളുകൾക്കുള്ളിൽ പ്രത്യേക പുരസ്‌കാരങ്ങളും നൽകി. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മൊമന്റോയും പുസ്തകങ്ങളും വിതരണം ചെയ്തു. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ പഠിച്ചതും മണ്ഡലത്തിൽ സ്ഥിരതാമസമുള്ള മറ്റ് സ്‌കൂളിൽ പഠിച്ച് വിജയം നേടിയ വിദ്യാർത്ഥികൾക്കുമാണ് പുരസ്‌കാരം നൽകിയത്.
ആര്യനാട് വി കെ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ജെ. ഹരീന്ദ്രൻ നായർ മുഖ്യാതിഥിയായിരുന്നു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ സ്‌കൂൾ അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.