യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ചതോടെ ദുരിതത്തിലായത് അവിടുത്തെ ജനങ്ങൾ മാത്രമല്ല, യുക്രെയ്നിലേക്ക് ഉപരിപഠനത്തിനായി പോയ നിരവധി വിദേശ വിദ്യാർത്ഥികൾ ഉൾപ്പടെയാണ്. പലർക്കും തിരിച്ചുവരാനാകാത്തതും നാട്ടിലേക്ക് എത്തിയവർക്ക് തുടർപഠനത്തിന് വഴിയടഞ്ഞിരിക്കുന്നതുമാണ് ഇപ്പോൾ ആശങ്ക ഉണ്ടാക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇരുട്ടടി നൽകുന്ന ഒരു തീരുമാനം ദിവസങ്ങൾക്ക് മുൻപ് യുക്രെയ്ൻ പുറത്തിറക്കിയിരുന്നു. പഠനം തുടരണമെങ്കിൽ നേരിട്ടെത്തണം എന്നാണ് യുക്രെയ്ൻ സർവ്വകലാശാലകൾ നൽകിയ അറിയിപ്പ്. സെപ്റ്റംബറിലാണ് അടുത്ത അധ്യയന വർഷത്തെ ക്ലാസുകൾ തുടങ്ങുക. യുദ്ധഭൂമിയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ചു മുന്നോട്ടുപോയിരുന്ന വിദ്യാർഥികളെയാണ് അറിയിപ്പ് അനിശ്ചിതത്വത്തിലാക്കിയത്.
