r-sreelekha

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനയ്ക്കെതിരെ അഡ്വക്കേറ്റ് ജനറലിനാണ് ഹർജി നൽകിയിരിക്കുന്നത്. ഷേർലി എന്ന വിദ്യാർത്ഥിനിയാണ് ഹർജി നൽകിയിരിക്കുന്നത്. ദിലീപ് കേസിൽ പ്രതിയല്ലെന്ന തരത്തിൽ തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദിലീപും പൾസ‌ർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ വന്നിരുന്നുവെന്നത് വിശ്വാസയോഗ്യമല്ലെന്നും ശ്രീലേഖ തന്റെ വീഡിയോയിൽ പറഞ്ഞിരുന്നു.

ദിലീപിന്റെ അറസ്റ്റ് മാദ്ധ്യമസമ്മർദ്ദത്തിന്റെ ഫലമാണെന്നാണ് ശ്രീലേഖയുടെ വാദം. അടുത്തിടെ മാത്രം സർവീസിൽ നിന്ന് വിരമിച്ച ശ്രീലേഖ, നിർണായകമായ കേസിൽ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ഹർജിയിൽ പറയുന്നു. ശ്രീലേഖയുടെ വിവാദ പ്രസ്താവനകൾ അടങ്ങിയ യൂട്യൂബ് വീഡിയോ ദിലീപിന്റെ അഭിഭാഷകർ പൊലീസിനെതിരായുള്ള തെളിവായി കോടതിയിൽ ഹാജരാക്കാൻ സാധ്യതയുണ്ട്. ശ്രീലേഖയെ വിസ്തരിക്കണമെന്ന് വരെ പ്രതിഭാഗം ആവശ്യപ്പെട്ടേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.