bioweapon

ന്യൂയോർക്ക് : ആണവായുധങ്ങളെ പോലെ ലോകം ഭയത്തോടെ കാണുന്ന ഒന്നാണ് ജൈവായുധം ( ബയോവെപ്പൺ ). ലോകത്തെ വിനാശകാരികളായ ' വെപ്പൺസ് ഒഫ് മാസ് ഡിസ്ട്രക്ഷൻ " വിഭാഗത്തിലെ പ്രധാനിയാണ് ജൈവായുധങ്ങൾ.

രാസായുധങ്ങൾ, ആണവായുധങ്ങൾ, റേഡിയോളജിക്കൽ ആയുധങ്ങൾ തുടങ്ങിയവയാണ് ഈ വിഭാഗത്തിൽപ്പെടുന്ന മറ്റ് ആയുധങ്ങൾ. ആന്ത്രാക്സ്, വസൂരി, എബോള, ഡെങ്കി തുടങ്ങി അപകടകാരികളായ പല രോഗങ്ങൾക്കും ഹേതുവായ വൈറസുകളെയാണ് ജൈവായുധമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് ചരിത്രം പരിശോധിച്ചാൽ കാണാം.

മാനവരാശിയ്ക്ക് കൊടുംവിപത്തുകൾ സൃഷ്ടിക്കാൻ കഴിയുന്ന വിനാശകാരികളായ ജൈവായുധങ്ങളുടെ പ്രയോഗം ഒരു കൂട്ടം ജനങ്ങളെ ലക്ഷ്യമിട്ടാണ് നടത്തുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്താണ് ജൈവായുധങ്ങൾ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് അന്താരാഷ്ട്രതലത്തിൽ ജൈവായുധങ്ങളുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്.

ജൈവായുധ പ്രയോഗം ഒരു കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. എന്നാൽ, ഇവ സംബന്ധിച്ച രഹസ്യ ഗവേഷണങ്ങൾ റഷ്യ, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങൾ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ട്. യുക്രെയിൻ അധിനിവേശത്തിനിടെ അവിടെ അമേരിക്കയുടെ സഹായത്തോടെ ജൈവായുധ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതെന്ന് സംശയിക്കുന്ന ലബോറട്ടറികൾ കണ്ടെത്തിയെന്ന വാദവുമായി റഷ്യ രംഗത്തെത്തിയിരുന്നു.

എന്നാൽ, ഈ വാദത്തിന്റെ ആധികാരികത തെളിഞ്ഞില്ല. ഏതായാലും ജൈവായുധങ്ങൾ മാരക വൈറസോ ബാക്ടീരിയയോ ആകാമെന്നാണ് നാം കേട്ടിട്ടുള്ളത്. എന്നാൽ, ഒരു നിശ്ചിത വ്യക്തിയെ വധിക്കാൻ അയാളുടെ ഡി.എൻ.എ ഉപയോഗിച്ച് തന്നെ സൃഷ്ടിച്ച ജൈവായുധത്തെ പറ്റി കേട്ടിട്ടുണ്ടോ ? അങ്ങനെയും ഒന്ന് ഉണ്ടെന്ന് പറയുകയാണ് യു.എസിലെ കൊളറാഡോയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗമായ ജേസൺ ക്രോ. !

 ഡി.എൻ.എയിൽ നിന്ന് ?

ഒരു വ്യക്തിയെ മാത്രം കൊല്ലാൻ അയാളുടെ ഡി.എൻ.എ കൈക്കലാക്കി ജൈവായുധങ്ങൾ സൃഷ്ടിക്കപ്പെടാമെന്നും ഇത് സംബന്ധിച്ച ഗവേഷണങ്ങൾ നടക്കുന്നതായും യു.എസ് ഹൗസ് ഇന്റലിജൻസ് കമ്മിറ്റി അംഗം കൂടിയായ ജേസൺ ക്രോ പറയുന്നു. വാഷിംഗ്ടണിൽ വെള്ളിയാഴ്ച നടന്ന ആസ്പൻ സെക്യൂരിറ്റി ഫോറത്തിലാണ് ക്രോയുടെ പരാമർശം. അമേരിക്കക്കാർ തങ്ങളുടെ ഡി.എൻ.എ സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുതെന്നും ക്രോ മുന്നറിയിപ്പ് നൽകുന്നു.

ഡി.എൻ.എ ടെസ്റ്റിംഗ് സേവനങ്ങളുടെ വ്യാപനം കണക്കിലെടുത്ത് തങ്ങളുടെ വംശപരമ്പരകളും ആരോഗ്യവും വ്യക്തമാകാൻ സ്വകാര്യ സ്ഥാപനങ്ങളിൽ ജനിതക വിവരങ്ങൾ സ്വമേധയാ കൈമാറുന്നത് ആശങ്കാജനകമാണെന്ന് ക്രോ വ്യക്തമാക്കി.

യു.എസിൽ ' 23 ആൻഡ് മീ " തുടങ്ങിയ ഡി.എൻ.എ കമ്പനികളിൽ ആളുകൾ ജനിതക പരിശോധനകൾക്ക് വിധേയമാകുന്നുണ്ട്. എന്നാൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ യാതൊരു കാരണവശാലും പുറത്തു പോകില്ലെന്നാണ് ഇവർ നൽകുന്ന ഉറപ്പ്.

ഭക്ഷ്യവിതരണത്തെ ആക്രമിക്കാൻ യു.എസിന്റെ എതിരാളികൾ ഇത്തരം ഡി.എൻ.എ ജൈവായുധങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് അയോവയിൽ നിന്നുള്ള സെനറ്ററായ ജോനി ഏൺസ്റ്റ് പറയുന്നത്. സിവിലിയൻമാർ ആശ്രയിക്കുന്ന മൃഗങ്ങൾക്ക് നേരെയും ഇത്തരം ആക്രമണങ്ങൾ നടന്നേക്കാമെന്ന് ഏൺസ്റ്റ് പറയുന്നു.

പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങിയ രോഗങ്ങളിലൂടെ മൃഗങ്ങളെയും വിളകളെയും നശിപ്പിച്ച് യു.എസിൽ ക്ഷാമവും ദാരിദ്ര്യവുമുണ്ടാക്കാൻ ശത്രുക്കൾ ഈ വഴി തിരഞ്ഞെടുത്തേക്കാമെന്നും ഏൺസ്റ്റ് കൂട്ടിച്ചേർത്തു.

സ്വകാര്യ കമ്പനികളിലെ ഡേറ്റ വഴി ക്രോ പറയുന്നത് പോലൊരു ജൈവായുധം നിർമ്മിക്കുന്നതിന്റെ സാദ്ധ്യത കഴിഞ്ഞാഴ്ച ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ ആരെന്ന് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണെന്നതാണ് ഡി.എൻ.എ ജൈവായുധങ്ങളുടെ ഗുണം.

റഷ്യ, ചൈന എന്നിവർ അമേരിക്കക്കാരുടെ ഡി.എൻ.എ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി മുമ്പ് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതേ സമയം, ലോകത്ത് ജനിതക വിവരങ്ങൾ അധിഷ്ഠിതമാക്കിയുള്ള ജൈവാ, രാസായുധങ്ങൾ നിർമ്മിക്കപ്പെട്ടതായി ഇതുവരെ അറിവില്ല.