
മുംബയ്: ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ഓഹരികൾ ഇന്നലെ എക്കാലത്തെയും താഴ്‌ചയിലേക്ക് കൂപ്പുകുത്തി. വ്യാപാരത്തിനിടെ ഒരുവേള 14 ശതമാനം ഇടിഞ്ഞ് ഓഹരിയൊന്നിന് 46 രൂപയിലേക്കാണ് വിലയിടിഞ്ഞത്. കഴിഞ്ഞ മേയ് 11ന് കുറിച്ച 50.35 രൂപയായിരുന്നു ഇതിന്റെ മുമ്പത്തെ റെക്കാഡ് താഴ്ച.
ഓഹരിയൊന്നിന് 76 രൂപയിലായിരുന്നു കമ്പനിയുടെ ലിസ്‌റ്റിംഗ്. 2021 ജൂലായ് 23നാണ് കമ്പനി ഓഹരിവിപണിയിൽ ആദ്യചുവടുവച്ചത്. കഴിഞ്ഞ നവംബർ 16ന് ഓഹരിവില എക്കാലത്തെയും ഉയരമായ 169.10 രൂപയിലും തൊട്ടിരുന്നു.
ഐ.പി.ഒ സമയത്ത് പ്രമോട്ടർമാർ, ജീവനക്കാർ, മറ്റ് നിക്ഷേപക സ്ഥാപനങ്ങൾ എന്നിവർക്ക് മുൻകൂറായി അലോട്ട് ചെയ്‌ത ഓഹരികൾ ഒരുവർഷത്തേക്ക് വിൽക്കരുതെന്ന ലോക്ക്-ഇൻ കാലാവധി നിയമപ്രകാരമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 23ന് ലോക്ക്-ഇൻ കാലാവധി അവസാനിച്ചതിന് പിന്നാലെ ഇന്നലെ ഇവർ വൻതോതിൽ ഓഹരി വിറ്റൊഴിഞ്ഞതാണ് വിലയിടിവിന് വഴിവച്ചത്.