
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞാഴ്ച രണ്ടര മണിക്കൂറോളം ചോദ്യം ചെയ്‌ത ഇ ഡി വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു.
ഈ മാസം 22 നാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്. നാഷണൽ ഹെറാൾഡ് ഏറ്റെടുത്ത യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വിവരങ്ങൾ സംബന്ധിച്ച 50 ചോദ്യങ്ങളാണ് അന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചത്. അനാരോഗ്യം കണക്കിലെടുത്ത് മെഡിക്കൽ സംഘത്തെ തയ്യാറാക്കി നിർത്തിയായിരുന്നു ചോദ്യം ചെയ്തത്.
അതേസമയം, ഇ ഡി നടപടിയ്‌ക്കെതിരെ കോൺഗ്രസ് ഇന്നും പ്രതിഷേധിക്കും. എ ഐ സി സി ആസ്ഥാനത്തായിരിക്കും പ്രതിഷേധം. സംസ്ഥാന ഘടകങ്ങളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
നാഷണൽ ഹെറാൾഡ് കേസ്
കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡ് 2008ൽ 90 കോടി കടബാദ്ധ്യതയുമായി പൂട്ടി. ഈ തുക കോൺഗ്രസ് പാർട്ടി പ്രസാധകരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് (എ.ജെ.എൽ) നൽകാനുള്ളതായിരുന്നു. 2010ൽ രൂപീകരിച്ച, രാഹുലിനും സോണിയയ്ക്കും 76ശതമാനം ഓഹരിയുള്ള യംഗ് ഇന്ത്യാ കമ്പനി വെറും 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിനെ ഏറ്റെടുത്തു. ഇതുവഴി കോൺഗ്രസ് നൽകാനുണ്ടായിരുന്ന കടബാദ്ധ്യത ഇല്ലാതാക്കുകയും നാഷണൽ ഹെറാൾഡിന്റെ പേരിലുള്ള 2000 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്തെന്ന് സോണിയയ്ക്കും രാഹുലിനുമെതിരെ കേസ് നൽകിയ സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നു.