
ന്യൂഡൽഹി: തങ്ങളുടെ സസ്‌പെൻഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും നിർദേശ പ്രകാരമെന്ന് എംപിമാരായ ടി എൻ പ്രതാപനും രമ്യാ ഹരിദാസും. വിലക്കയറ്റത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും എം പിമാർ വ്യക്തമാക്കി.
രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റ ദിവസം തന്നെ ദളിത് വനിതാ എം പിമാരെ സസ്‌പെൻഡ് ചെയ്തു. ഇത് ദളിത് പ്രേമമെന്ന സർക്കാർ വാദം പൊളിക്കുന്നതാണെന്ന് രമ്യ ഹരിദാസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
നിത്യോപയോഗ സാധനങ്ങൾക്ക് ജി എസ് ടി ചുമത്തിയതിനെതിരെ പാർലമെന്റിൽ പ്ലക്കാർഡുമായി പ്രതിഷേധിച്ചതിനാണ് കോൺഗ്രസ് എം പിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, മണിക്കം ടാഗോർ, ജോതിമണി എന്നിവരെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള സസ്‌പെൻഡ് ചെയ്‌തത്. ആഗസ്റ്റ് 12 വരെ നീളുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇനി ഇവർക്ക് സഭയിൽ കടക്കാനാകില്ല.