കവിത

മൺതരികൾ നക്ഷത്രങ്ങളാകുന്നത്
നിയോഗമാകാം..
അക്ഷീണ പ്രയത്നത്തിൽ രൂപമാറ്റം വന്നതാകാം..
നഭോമണ്ഡലത്തിലേയ്ക്കാരോ തള്ളിയിട്ടതാകാം.
കൈയെത്താ ദൂരത്ത് കൈക്കോട്ടുകളേൽപ്പിക്കും മുറിപ്പാടുകളില്ല..
കാൽപ്പാദങ്ങളുടെ അടിച്ചമർത്തലില്ല..
പ്രകാശവർഷങ്ങളുടെ ദൂരത്ത് നിന്നവ പുഞ്ചിരിക്കും..
മിഴികളിൽ പ്രകാശം വിതറും..
ചക്രവാളസീമകളവയുടെ ചലനങ്ങൾക്കു കാതോർക്കും..
അനന്തതയിലെ നക്ഷത്രങ്ങൾ
ആത്മരതിയുടെ ലഹരിയിൽ അഭിരമിക്കുന്നവരാണ്.
തമോഗർത്തങ്ങളിൽ നിന്നവ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറും.
അവസാനത്തെ കാഴ്ചക്കാരനും അന്ധനാകും വരെ
പ്രകാശരേഖകൾ വരയ്ക്കും.
പിന്നെയാണൊരു നക്ഷത്രം
തണുത്തു വിറങ്ങലിച്ച വെള്ളക്കുള്ളനാകുന്നത്..
അനന്തതയുടെ ഇരുണ്ട കോണുകളിലേയ്ക്ക്
എടുത്തെറിയപ്പെടുന്നത്..
ഭൂമിയിലെ മൺതരികൾ
പ്രകാശകിരീടങ്ങളെ
ചുമക്കുന്നില്ല..
അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ഭാരമില്ലായ്മ ആസ്വദിക്കും..
ആദിമധ്യാന്തങ്ങളിൽ അജ്ഞാതമായവശേഷിക്കും.
മഞ്ഞിന്റെ തണുപ്പിൽ വേരുകളെ പുണർന്നുറങ്ങും..
മഴ നനഞ്ഞു നീർച്ചാലുകളിലൂടൊഴുകും..
ഉച്ചവെയിലിലെ ഉഷ്ണക്കാറ്റിൽ പൊങ്ങിപ്പറക്കും..
മൺതരികൾ വിസ്‌മൃതിയുടെ ആഴങ്ങളിൽ മറയും. നക്ഷത്രത്തിളക്കങ്ങൾ
ചരിത്രത്താളുകളിൽ
അക്ഷരങ്ങളാകും..
പഴകിയ ചരിത്രത്താളുകൾ ഭക്ഷിക്കും ചിതലുകൾ
പക്ഷേ നിരക്ഷരരാണ്..