
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ ഫസ്നയെ അറസ്റ്റ് ചെയ്തു. വയനാട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൃത്യത്തെക്കുറിച്ച് ഫസ്നയ്ക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
ഒരു വർഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച ശേഷമാണ് മൈസൂർ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെത്താനാകാത്തതിനാൽ കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 2019 ഓഗസ്റ്റിലാണ് ഷാബാ ഷെരീഫിനെ വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവും ചേർന്ന് നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുപോയത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്‍റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറിൽ മര്‍ദ്ദനത്തിനിടെ ഷാബാ ഷെരീഫ് മരിക്കുകയായിരുന്നു.