
പാലക്കാട്: ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് നെല്ലായ സ്വദേശിയായ അക്രമി അബ്ബാസിന്റെ വീട്ടിലെത്തിയത്.
അബ്ബാസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. അബ്ബാസ് വിവാഹ ബ്രോക്കറാണ്. വിവാഹം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.
തന്റെ കൈയിൽ നിന്ന് അബ്ബാസ് കൈപ്പറ്റിയ പണം തിരികെ വാങ്ങാനെന്ന് പറഞ്ഞ്, നെല്ലായ മഞ്ചക്കല്ലിൽ നിന്ന് ഓട്ടോവിളിച്ചാണ് പ്രതി അബ്ബാസിന്റെ വീട്ടിലെത്തിയത്. തുടർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി സംസാരിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.