
കൊൽക്കത്ത: സ്കൂൾ നിയമന കോഴക്കേസിൽ ആരോപണവിധേയനായ ബംഗാൾ വ്യവസായ വാണിജ്യ മന്ത്രിയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പാർത്ഥ ചാറ്റർജി പുലർച്ചയോടെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തി. പിന്നാലെ മന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചിരുന്ന മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം വിമാനത്താവളത്തിൽ എത്തിയത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യുന്നതിനായി മന്ത്രിയെ പതിനാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് സ്പെപഷ്യൽ കോടതിയ്ക്ക് മുമ്പാകെ ഇഡി ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് മൂന്ന് വരെ മന്ത്രിയെയും സുഹൃത്ത് അർപ്പിത മുഖർജിയെയും കസ്റ്റഡിയിൽ വയ്ക്കാൻ കോടതി ഇഡിയ്ക്ക് അനുമതി നൽകിയിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്ത മന്ത്രിയെ തിങ്കളാഴ്ചയായിരുന്നു എയിംസിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തെ ഇഡി കസ്റ്റഡിയിലായിരുന്ന മന്ത്രിയെ ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് എസ് എസ് കെ എം ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഇത് നിയമത്തിന് എതിരാണെന്ന് ഇഡി വാദിച്ചതിന് പിന്നാലെയാണ് മന്ത്രിയെ എയിംസിലേയ്ക്ക് മാറ്റിയത്.
2016ലെ മമത മന്ത്രിസഭയിൽ പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടത്തിയ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മിഷനും പശ്ചിമ ബംഗാൾ പ്രൈമറി എഡുക്കേഷൻ ബോർഡും വഴിയുള്ള നിയമനങ്ങളിലാണ് കോഴ ഇടപാട് നടന്നത്.
മന്ത്രിയുമായി അടുപ്പം പുലർത്തിയിരുന്ന നടികൂടിയായ അർപ്പിത മുഖർജിയുടെ ഫ്ളാറ്റിൽ നിന്ന് കണ്ടെടുത്ത 20 കോടി രൂപയുടെ നോട്ടുകെട്ടുകൾ സ്കൂൾ നിയമനങ്ങൾക്ക് വാങ്ങിയ കോഴയെന്നാണ് ഇഡിയുടെ നിലപാട്. അർപ്പിതയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതേസമയം, ഹൈക്കോടതി നിർദ്ദേശപ്രകാരം നിയമന അഴിമതി സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനു സമാന്തരമായാണ് ഇഡിയുടെ ഇടപെടൽ.