
റാഞ്ചി : കോൺഗ്രസ് ഉൾപ്പടെയുള്ള കൂട്ടുകക്ഷി സർക്കാർ അധികാരത്തിലുള്ള ഝാർഖണ്ഡിൽ ബി ജെ പിയിൽ നിന്നും എം എൽ എമാരെ അടർത്തിയെടുക്കാൻ ജാർഖണ്ഡ് മുക്തി മോർച്ച ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. 16 ബി.ജെ.പി എം.എൽ.എമാർ ജാർഖണ്ഡിലെ ഭരണകക്ഷിയുമായി സമ്പർക്കത്തിലാണെന്ന് ജാർഖണ്ഡ് മുക്തി മോർച്ചയുടെ സുപ്രിയോ ഭട്ടാചാര്യ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ അഭ്യൂഹം പരക്കുന്നത്. സംസ്ഥാനത്ത് നടന്ന അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറനുൾപ്പടെയുള്ളവർ കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ.
ഹേമന്ദ് സോറൻ സർക്കാരിനെ പിന്തുണയ്ക്കാൻ അവർ തയ്യാറാണ്, കാരണം അവർക്കെല്ലാം ബിജെപിയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു, പിളർപ്പിലൂടെ ഗ്രൂപ്പുണ്ടാക്കി ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. മഹാരാഷ്ട്രയിൽ സംഭവിച്ചതു പോലെയുള്ള രാഷ്ട്രീയ നാടകങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കാനും സാദ്ധ്യതയുണ്ട്. അതേസമയം സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരെ തങ്ങൾക്കൊപ്പം കൂട്ടാൻ ബി ജെ പിയും ചരട് വലിക്കുന്നുണ്ട്.
ജാർഖണ്ഡ് മുക്തി മോർച്ച നേതാവിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബി ജെ പി സംസ്ഥാന നേതൃത്വംരംഗത്തു വന്നു. ജെ എം എം എംഎൽഎമാർ മുട്ടോളം അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ബി ജെ പി വക്താവ് പ്രതുൽ ഷാദിയോ പ്രതികരിച്ചു.