ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന 'പാപ്പൻ' എന്ന ചിത്രം തിയേറ്ററുകളിലെത്താൻ പോകുകയാണ്. ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന ഐ പി എസ് ഓഫീസറായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനിടോം, ഷമ്മി തിലകൻ തുടങ്ങി വൻതാര നിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്.

ഇപ്പോഴിതാ സിനിമയുടെയുടെയും തങ്ങളുടെയും വിശേഷങ്ങൾ കൗമുദി മൂവീസിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപിയും നൈലയും. മറ്റൊരു സുരേഷ് ഗോപിയെ പാപ്പനിൽ കാണാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
ഗോകുൽ ചിത്രത്തിലെത്തിയതിനെക്കുറിച്ചും സുരേഷ് ഗോപി വെളിപ്പെടുത്തി. 'ഗോകുലിന്റെ സിനിമകൾ കണ്ടിട്ട് അവൻ നല്ല നടനാണെന്നും, ശരിയായ കൈകളിൽ ഇതുവരെ ചെന്നുപെട്ടിട്ടില്ലെന്നും ഒരിക്കൽ ജോഷിയേട്ടൻ പറഞ്ഞു. അന്ന് പാപ്പൻ എന്ന ചിത്രം ഐഡിയയിൽ പോലുമില്ല.
പിന്നെ പാപ്പന് ഞാൻ ഓക്കെയാണെന്ന് അറിയിച്ചപ്പോൾ, ചുമ്മാ അച്ഛനെയും മോനെയും ഇട്ട് സർക്കസ് കളിക്കാനല്ലെന്ന്. ഇതിനകത്ത് സ്വന്തം മകൻ അഭിനയിച്ചാൽ കിട്ടുന്ന ഇൻട്രസ്റ്റിംഗ് ഏരിയ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.'- നടൻ വ്യക്തമാക്കി.
തനിക്കെതിരെ വന്ന മോശം കമന്റുകളെക്കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. 'നിങ്ങൾ തമ്പി കണ്ണന്താനത്തെ മറന്ന് ജോഷിയെ ഹൈലൈറ്റ് ചെയ്‌തെന്ന് പറഞ്ഞ് ഒരു കമന്റ് വന്നു. എടോ ഞാൻ എന്റെ ഹൃദയമൊന്ന് തുറന്നോട്ടെ, കൂടുതൽ നെകളിക്കല്ലേ, നെകളിച്ചാൽ ഞാൻ പറയും. തമ്പി കണ്ണന്താനം മരിച്ചപ്പോൾ ആര് പോയി. അന്വേഷിക്ക്. അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് ആരൊക്കെ പോയി. കുഞ്ഞുമോളേച്ചി ഉണ്ട്, പോയി ചോദിച്ചുനോക്ക്. എന്റെ ആദരവ് അതാണ്. നിങ്ങളെ ബോധിപ്പിക്കാനല്ല. വെരി സോറി.'- ഇതായിരുന്നു നടന്റെ പ്രതികരണം.
താൻ ചെയ്യുന്ന ചാരിറ്റിയെ വിമർശിക്കുന്നവർക്കെതിരെയും താരം പ്രതികരിച്ചു. ' ഞാൻ കോടിക്കണക്കിന് സമ്പാദിക്കുന്നയാളല്ല. അഞ്ച് വർഷം സിനിമയേ ഇല്ലാതിരുന്ന ആളാണ്. കിട്ടിയതിൽ നിന്ന് ഞാൻ കൊടുത്തിട്ടുണ്ട്. അത് പറഞ്ഞാലുടൻ തള്ളാണ്. ആയിരം കോടിയുണ്ടാക്കിയിട്ട് അതിൽ നിന്ന് പത്ത് ലക്ഷമോ ഒരു കോടിയോ കൊടുത്താൽ അത് ഭയങ്കര മഹത്വമാണ്. ഞാൻ ഇല്ലായ്മയുടെ പേരിൽ കൊടുത്തതിന് ജാതിയുടെ പേരിലോ ഒക്കെ അസുഖം പ്രകടിപ്പിക്കുകയാണ്.
ആര് ചെയ്തു, എന്ത് വച്ച് ചെയ്തു എന്ന് നോക്കണം. എന്ത് വച്ചു എന്നതിനകത്ത് സത്യസന്ധതയാണ് പ്രധാനം. നിങ്ങൾ തള്ളിമറിച്ചിട്ട് കാര്യമില്ല. ദൈവത്തിന് കൃത്യമായിട്ടറിയാം ഇവർ എന്ത് പണം വച്ച് ചെയ്തുവെന്നും, എന്ത് മനോഭാവം വച്ച് ചെയ്തുവെന്നും ദൈവത്തിനറിയാം.' സുരേഷ് ഗോപി പറഞ്ഞു.
മമ്മൂട്ടിയുമായുള്ള ബന്ധത്തിൽ ഉലച്ചിലുകളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 'മമ്മൂട്ടിയാണെന്ന് പറഞ്ഞ് ആരെങ്കിലും എനിക്ക് ഫോൺ തന്നാൽ ഞാൻ എഴുന്നേറ്റ് നിന്നേ സംസാരിക്കൂ. ആ ആഴമുണ്ട്. പക്ഷേ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്. അതിന് ഞാൻ ഒരിക്കലും കാരണക്കാരനായിട്ടില്ല. കാരണക്കാരനാകുകകയുമില്ല. അങ്ങനെയുള്ള ഒരുപാട് ബന്ധങ്ങൾ സിനിമയിലുണ്ട്.'- അദ്ദേഹം വ്യക്തമാക്കി.