
റായ്‌പൂർ: റോഡിൽ നടന്ന തർക്കത്തിനിടെ ഭിന്നശേഷിക്കാരനെ കുത്തിക്കൊലപ്പെടുത്തി പതിനഞ്ചുകാരി. ഛത്തീസ്‌ഗഡിലെ റായ്‌പൂരിൽ ഇന്നലെയാണ് സംഭവം. ഹോണടിച്ചിട്ടും മാറിക്കൊടുക്കാത്തതിന്റെ പേരിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കേൾവിക്കുറവുള്ള നാൽപ്പതുകാരനെ പെൺകുട്ടി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പതിനഞ്ചുകാരി അമ്മയുമൊത്ത് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ സൈക്കിളിൽ പോവുകയായിരുന്ന സുധാമ ലാദറിനെ ഓവർടേക്ക് ചെയ്യുന്നതിനായി പെൺകുട്ടി നിരന്തരം ഹോൺ മുഴക്കി. എന്നാൽ കേൾവിക്കുറവുള്ള സുധാമ ശബ്ദം കേട്ടിരുന്നില്ല. തന്നെ മനപ്പൂർവ്വം അവഗണിക്കുകയാണെന്ന് തെറ്റിദ്ധരിച്ച പെൺകുട്ടി സ്‌കൂട്ടർ നിർത്തി സുധാമാവിനോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും തർക്കത്തിനൊടുവിൽ കയ്യിലുണ്ടായിരുന്ന കത്തിക്കൊണ്ട് കഴുത്തിൽ കുത്തുകയും ചെയ്തു. സുധാമാവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ അമ്മയെ ഉപേക്ഷിച്ച് പെൺകുട്ടി കടന്നുകളയുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ മന്ദിർ ഹസൗദ് പ്രദേശത്ത് നിന്ന് പിടികൂടി. കുത്താനുപയോഗിച്ച ആയുധവും പൊലീസ് പിടിച്ചെടുത്തു.