
ഒട്ടനവധി ഫ്ലേവറുകളിൽ ലഭിക്കുന്ന ചൂയിംഗ് ഗം ചവക്കാൻ ഇഷ്‌ടമുള്ളവർ ഏറെയാണ്. ചവക്കുക മാത്രമല്ല ബബിൾ ഊതിവീർപ്പിക്കുന്നതും രസകരമാണ്. എന്നാൽ ജർമനിയിലെ ഒരു യുവതി ചൂയിംഗ് ഗം ചവക്കുക മാത്രമല്ല, അതിലൂടെ സമ്പാദിക്കുകയും ചെയ്യുന്നുണ്ട്.
പ്രതിമാസം 67,000 രൂപയാണ് ഇവർ സമ്പാദിക്കുന്നത്. തന്റെ തലയെക്കാൾ വലിയ കുമിളകൾ ഇവർ ഊതാറുണ്ട്. മുപ്പതിലേറെ ചൂയിംഗ് ഗം ഇതിനായി ആവശ്യമുണ്ടെന്നാണ് ജർമൻ സ്വദേശിയായ ജൂലിയ ഫോർട്ട് പറയുന്നത്. എങ്ങനെയാണ് താൻ പണമുണ്ടാക്കുന്നതെന്നും ജൂലിയ പറഞ്ഞുതരുന്നുണ്ട്. ഒരു മാസം ച്യൂയിംഗ് ഗം വാങ്ങാനായി 500 രൂപയാണ് ഇവർ ചെലവാക്കുന്നത്.

'ഒരിക്കൽ ച്യൂയിംഗ് ഗം ക്ലിപ്പുകൾ വിൽക്കാൻ കഴിയുമെന്ന് സുഹൃത്ത് തമാശയായി എന്നോട് പറഞ്ഞു. ഇത് കുറച്ച് രസകരമായിട്ട് തോന്നി. പിന്നീട് ഗവേഷണത്തിലൂടെ കൂടുതൽ പഠനം നടത്തി. ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഓൺലെെൻ കമ്മ്യൂണിറ്റികൾ കണ്ടെത്തി. പിന്നാലെ ഓൺലൈനിലൂടെ ചിത്രങ്ങൾ പങ്കിടാൻ തുടങ്ങി. അവിടെ ഞാൻ കുറച്ച് ശ്രദ്ധ നേടിത്തുടങ്ങി.
ആളുകൾക്ക് ആവശ്യമുള്ള ഉള്ളടക്കം നൽകാൻ എനിക്ക് കഴിയുന്നു. ആരാധകരും സന്തുഷ്‌ടരാണ്. അവരുടെ ഇഷ്‌ടാനുസരണം ഞാൻ വീഡിയോ ചെയ്‌ത് നൽകും. വ്യത്യസ്ത വസ്‌ത്രങ്ങൾ ധരിച്ച്, വ്യത്യസ്ത കോണുകളിൽ നിന്ന് ചൂയിംഗ് ഗം ഊതും. ആരാധകരുടെ അഭ്യർത്ഥന അനുസരിച്ചുള്ള വലിപ്പത്തിലും ബബിൾ ഊതാറുണ്ട്. എനിക്ക് ഇത് ഒരു മുഴുവൻ സമയ ജോലിയല്ല. ആർക്കിടെക്ചറിലും സിവിൽ എഞ്ചിനീയറിംഗിലും മാർക്കറ്റിംഗിലും എനിക്ക് ബിരുദമുണ്ട്'- ജൂലിയ പറഞ്ഞു.