
ആലപ്പുഴ: ചെറുപ്പത്തിലേ ഒപ്പം കൂടിയ ആസ്‌ത്‌മയെ തോല്പിച്ച് ഏഴ് ഭൂഖണ്ഡങ്ങളിലെ ഏഴ് അഗ്നിപർവ്വതങ്ങൾ കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിതയാവാനുള്ള ദൗത്യത്തിലാണ് മാരാരിക്കുളം സ്വദേശി മിലാഷ ജോസഫ് (30). സ്ത്രീശാക്തീകരണമാണ് സന്ദേശം. ആഫ്രിക്കയിലെ കിളിമഞ്ചാരോ (5895 മീറ്റർ), ഇറാനിലെ ദാമവന്ത് (5609 മീറ്റർ) തുടങ്ങിയ അഗ്നിപർവതങ്ങളിൽ മിലാഷ ഇന്ത്യൻ പതാക പാറിച്ചു കഴിഞ്ഞു. ദാമവന്ത് കയറുന്ന ആദ്യ മലയാളി കൂടിയാണ് മിലാഷ. മനസുറപ്പിച്ചാൽ ഏത് പ്രതിസന്ധിയും തരണം ചെയ്യാമെന്ന് മിലാഷ പറയുന്നു.
ലക്ഷ്യത്തിലേയ്ക്ക്
റഷ്യ-യുക്രെയിൻ യുദ്ധം സൃഷ്‌ടിച്ച വ്യോമയാന തടസങ്ങൾ നീങ്ങിയാൽ അടുത്ത യാത്ര തീരുമാനിക്കും.അയർലൻഡിലെ സ്വകാര്യ സ്ഥാപനത്തിൽ ഫിനാൻഷ്യൽ കൺട്രോളറാണ് മിലാഷ. സ്‌കൂൾ കാലഘട്ടം മുതൽ തന്നെ സാഹസിക കായിക ഇനങ്ങളോട് താത്പര്യമായിരുന്നു മിലാഷയ്ക്ക്. ആസ്‌ത്‌മ വില്ലനായപ്പോൾ സ്വപ്നങ്ങൾ സഫലമാക്കാൻ വാശിയായി. കാർഡിയോ വ്യായാമം പരിശീലിച്ച് ശാരീരിക ഫിറ്റ്നസ് ഉറപ്പാക്കി. വൊൾക്കാനിക്ക് സെവൻ സമ്മിറ്റ്സ് ചലഞ്ചിന്റെ ഭാഗമാവാൻ പർവ്വതാരോഹണ പരിശീലനം നൽകുന്ന ആർ.എം.ഐ എക്സ്‌പെഡിഷൻസുമായി കൈകോർത്തു. ഓൺലൈനായും ഓഫ് ലൈനായും പരിശീലനം നേടി. ഭാരമുള്ള ബാക്ക് പാക്ക് ചുമലിലേറ്റി ദിവസവും 10 കിലോമീറ്റർ നടന്നു. ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ ചൊക്കംതയ്യിൽ ജോസഫ് മാരാരിക്കുളവും ബിബി ജോസഫുമാണ് മിലാഷയുടെ മാതാപിതാക്കൾ. സഹോദരൻ: മിഖിലേഷ് ജോസഫ്.
സൾഫറും കൊടുംചൂടും
കഴിഞ്ഞ നവംബറിൽ അഞ്ച് ദിവസം കൊണ്ടാണ് മിലാഷ കിളിമഞ്ചാരോ കീഴടക്കിയത്. ദാമവന്ത് പർവ്വതം കയറിയിറങ്ങാൻ നാല് ദിവസമെടുത്തു. കാലാവസ്ഥ മോശമായതിനാൽ പർവ്വതത്തിന്റെ ഏറ്റവും ഉയർന്ന പോയിന്റിന് 500 മീറ്റർ താഴെ യാത്ര അവസാനിപ്പിച്ചു. 42 ഡിഗ്രി ചൂടും, പർവ്വതത്തിൽ നിന്നുള്ള സൾഫറിന്റെ പുറന്തള്ളലും ദുരിതമായി. മലഞ്ചെരുവുകളിലെ കൂടാരങ്ങളിലാണ് താമസം. കഴിക്കാൻ മധുരവിഭവങ്ങൾ മാത്രം. മിലാഷയടക്കം നാല് പേർ മാത്രമാണ് ഇന്ത്യയിൽ നിന്ന് ദാമവന്ത് കയറിയിട്ടുള്ളത്.
ചെലവ് നാല് ലക്ഷംഅയർലൻഡിൽ നിന്നുള്ള ഫ്ലൈറ്റ് ചാർജ്, വാക്സിൻ, പരിശോധനകൾ എന്നിവയുൾപ്പടെ രണ്ട് യാത്രകൾക്കായി നാല് ലക്ഷത്തോളം രൂപയാണ് ചെലവായത്.