
തിരുവനന്തപുരം : ചെന്നൈ മഹാബലിപുരത്ത് നാളെ തുടങ്ങുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിൽ അംഗമായ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണൻ ഇന്ന് ചെന്നൈയ്ക്ക് തിരിക്കും. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഒളിമ്പ്യാഡിൽ 186 ദേശീയ ഫെഡറേഷനുകളിൽ നിന്നായി 188 ടീമുകളാണ് പങ്കെടുക്കുന്നത്. ആതിഥേയരെന്ന നിലയിൽ ഇന്ത്യ എ,ബി,സി എന്നിങ്ങനെ മൂന്ന് വീതം ടീമുകളെയാണ് ഓപ്പൺ, വനിതാ വിഭാഗങ്ങളിലായി മത്സരിപ്പിക്കുന്നത്. ഇതിൽ മുൻനിര താരങ്ങൾ അണിനിരക്കുന്ന ഇന്ത്യൻ എ ടീമിലാണ് നാരായണൻ കളിക്കുന്നത്.
തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ നാരായണൻ ഫിഡേ റേറ്റിംഗിൽ 2659 പോയിന്റുള്ള താരമാണ്. വേൾഡ് റാങ്കിംഗിൽ 89-ാം സ്ഥാനവും ഏഷ്യൻ റാങ്കിംഗിൽ 20-ാം സ്ഥാനവുമുള്ള നാരായണൻ ഇന്ത്യൻ റാങ്കിംഗിൽ ആറാം സ്ഥാനത്താണ്. ചെക്ക് റിപ്പബ്ളിക്ക്,ജർമ്മനി,പോർച്ചുഗൽ എന്നിവിടങ്ങളിലെ ടൂർണമെന്റുകളിൽ പങ്കെടുത്ത ശേഷമാണ് ഇന്ത്യൻ ടീമിൽ ചേരാൻ ചെന്നൈയിലേക്ക് പോകുന്നത്.
നാരായണനൊപ്പം ഗ്രാൻഡ് മാസ്റ്റർമാരായ പി.ഹരികൃഷ്ണ,വിഡിത്ത് ഗുജറാത്തി,അർജുൻ എരിഗെയ്സി,കെ.ശശികിരൺ എന്നിവരാണ് ഇന്ത്യൻ എ ടീമിലുള്ളത്. കൗമാര മലയാളിപ്രതിഭ നിഹാൽ സരിൻ,ഡി.ഗുകേഷ്,ബി.അധിബൻ,പ്രഗ്നാനന്ദ,റൗണക്ക് സാധ്‌വാനി എന്നിവരാണ് ബി ടീമിലുള്ളത്.2651 ഫിഡേ റേറ്റിംഗ് പോയിന്റുള്ള നിഹാൽ,ലോക റാങ്കിംഗിൽ 99-ാം സ്ഥാനത്തും ഏഷ്യൻ റാങ്കിംഗിൽ 22-ാം സ്ഥാനത്തും ഇന്ത്യൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തുമാണ്. സൂര്യശേഖർ ഗാംഗുലി ,എസ്.പി സേതുരാമൻ,കാർത്തികേയൻ മുരളി,അഭിജീത് ഗുപ്ത,അഭിമന്യു പൗരാണിക് എന്നിവരാണ് ഇന്ത്യൻ സി ടീം അംഗങ്ങൾ.
ചെസ് ഒളിമ്പ്യാഡ്
ഇന്റർ നാഷണൽ ചെസ് ഫെഡറേഷൻ ഒളിമ്പിക്സിന് സമാനമായ രീതിയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ടൂർണമെന്റാണ് ചെസ് ഒളിമ്പ്യാഡ്. 1927ൽ ലണ്ടനിലാണ് ആദ്യ ഒൗദ്യോഗിക ചെസ് ഒളിമ്പ്യാഡ് നടന്നത്. രണ്ട് വർഷത്തിലൊരിക്കലാണ് ഒളിമ്പ്യാഡ് നടക്കുക. 44-ാമത് ഒളിമ്പ്യാഡിനാണ് ചെന്നൈ മഹാബലിപുരത്തെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ കൺവെൻഷൻ സെന്റർ വേദിയാവുന്നത്. 2020ൽ നടക്കേണ്ട ഒളിമ്പ്യാഡായിരുന്നു ഇത്. റഷ്യയായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്.കൊവിഡ് കാരണമാണ് നീട്ടിവച്ചത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നാണ് വേദി ഇന്ത്യയിലേക്ക് മാറ്റിയത്. നാളെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ. 29നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
935 പുരുഷ താരങ്ങളും 800 വനിതാ താരങ്ങളുമാണ് മാറ്റുരയ്ക്കുന്നത്.
എസ്.എൽ നാരായണൻ
ഫിഡേ റേറ്റിംഗ് : 2659 യെലോ പോയിന്റ്
ലോക റാങ്കിംഗ് : 89
ഏഷ്യൻ റാങ്കിംഗ് : 21
ഇന്ത്യൻ റാങ്കിംഗ് : 6
പദവി : ഗ്രാൻഡ് മാസ്റ്റർ (2015 മുതൽ)
ഇന്ത്യയുടെ 41-ാമത്തെ ഗ്രാൻഡ് മാസ്റ്ററാണ് നാരായണൻ.
പ്രധാനനേട്ടങ്ങൾ
2014 നാഷണൽ സബ് ജൂനിയർ സ്വർണം
2016 ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലം
2016 കോമൺവെൽത്ത് ചെസിൽ വെള്ളി
2016 ഏഷ്യൻ ജൂനിയർ ഓപ്പണിൽ വെള്ളി
2016 ഏഷ്യൻ ജൂനിയർ ബ്ളിറ്റ്സിൽ സ്വർണം
2016 ഏഷ്യൻ ജൂനിയർ റാപ്പിഡിൽ വെങ്കലം
2018 അബുദാബി ഇന്റർനാഷണൽ ബ്ളിറ്റ്സ് വെങ്കലം
2018 സൂറിച്ച് ഇന്റർനാഷണൽ ഓപ്പൺ വെങ്കലം
2019 ബാസൽ ഇന്റർനാഷണൽ ഓപ്പൺ വെങ്കലം
2019 ചെസ് ഡോട്ട്കോം ഓൺലൈൻ സ്വർണം
2019 ഏഷ്യൻ കോണ്ടിനെന്റൽ ബ്ളിറ്റ്സ് വെങ്കലം
2019 എല്ലെബ്രിഗേറ്റ് ഇന്റർ. സ്പെയ്ൻ സ്വർണം
2021 റിഗ ഇന്റർനാഷണൽ ഓപ്പൺ വെങ്കലം
2021 റിഗ ടെക്‌നിക്കൽ യൂണി.ഓപ്പൺ വെള്ളി
2021 ചെസ് മൂഡ് ഓപ്പൺ അർമേനിയ വെള്ളി
2022 ഗ്രാൻഡ്യാഷി കത്തോലിക്ക ഓപ്പൺ ഇറ്റലി സ്വർണം
2022 ടെപ്ളിസ് ഓപ്പൺ ,ചെക്ക് റിപ്പ.വെള്ളി
2022 ജർമ്മൻ ബുണ്ടസ് ലിഗ
ലോക ചാമ്പ്യൻ മാഗ്നസ് കാൾസൺ ഉൾപ്പടെ ഇത്രയും രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ പങ്കെടുക്കുന്ന ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുന്നത് തന്നെ അഭിമാനകരമാണ്. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും.
എസ്.എൽ നാരായണൻ
തുടർന്ന് പി.ശ്രീകുമാർ, വറുഗീസ് കോശി,പ്രവീൺ തിപ്സെ തുടങ്ങിയ പരിശീലകരിലൂടെ നാരായണൻ