
ഇടുക്കി: തൊടുപുഴയിൽ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നു. വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക് ജീവനക്കാരെയുമെല്ലാം കള്ളനോട്ടുകൾ വ്യാപകമാകുന്നത് കുഴയ്‌ക്കുകയാണ്. ബാങ്കുകളിൽ പണമടയ്ക്കാൻ എത്തുമ്പോൾ മാത്രമാണ് പലരും തങ്ങൾക്ക് പറ്റിയ അബദ്ധം മനസിലാക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസത്തിനിടെ നിരവധി തവണ പറ്റിക്കപ്പെട്ടവരുമുണ്ട്. യഥാർത്ഥ കറൻസിയുടെ അതേ വലിപ്പമാണ് കള്ള നോട്ടിനും. പെട്ടെന്ന് ആർക്കും ഈ നോട്ടുകൾ കണ്ടാൽ വ്യാജമാണെന്ന് മനസിലാകില്ല.

പിടികൂടിയ കള്ള നോട്ടുകളിൽ റിസർവ് ബാങ്ക് എന്നുള്ളതിൽ റിസർവ് എന്നതിന്റെ അവസാന ഇംഗ്ലീഷ് അക്ഷരം 'ഇ'യ്ക്ക് പകരം 'യു' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാട്ടർമാർക്കിലുമുണ്ട് വ്യത്യാസം. യഥാർഥ നോട്ടിൽ ഗാന്ധിജിയുടെ ചിത്രം വെള്ള നിറത്തിലാണ്.
വ്യാജനിൽ ഗാന്ധിയുടെ ചിത്രം വയലറ്റ് നിറത്തിലാണ്. കടകളിലാണ് കൂടുതലായും ഇത്തരം നോട്ടുകൾ കിട്ടാറുള്ളത്. വിലക്കയറ്റം മൂലം വലഞ്ഞിരിക്കുന്ന കച്ചവടക്കാർ കള്ളനോട്ടുകൾ കൂടിയെത്തിയതോടെ കടുത്ത പ്രതിസന്ധിയിലാണ്.