lovlina

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനൊരുങ്ങുന്ന തനിക്ക് അധികൃതരിൽ നിന്നും മാനസിക പീഡനം നേരിടുന്നുവെന്ന ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ ഇന്ത്യൻ ബോക്‌സിംഗ് താരം ലവ്‌ലിന ബോർഗോഹെയ്‌ന്റെ പരാതികൾക്ക് പരിഹാരം കണ്ട് ബോക്‌സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്‌ഐ). തനിക്ക് ഒളിമ്പിക് മെഡൽ കിട്ടാൻ ലവ്‌ലിനയെ സഹായിച്ച കോച്ച് സന്ധ്യ ഗുരുംഗിന് കോമൺവെൽത്ത് ഗെയിംസിൽ അക്രഡിറ്റേഷൻ കിട്ടാത്തതിനാൽ ഗെയിംസ് വില്ലേജിൽ കടക്കാനായിരുന്നില്ല. മറ്റൊരു കോച്ച് അമെ കോലേക്കറെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നുമില്ല. ഇതിനെതിരേ ട്വിറ്ററിലൂടെയായിരുന്നു ലവ്‌ലിനയുടെ പ്രതിഷേധം. എന്നാൽ ലവ്‌ലിനയുടെ പരിശീലകയ്ക്ക് ഡെലിഗേറ്റ്‌ യാത്രയും ഹോട്ടലിൽ താമസവും ഒരുക്കിയതായി അറിയിച്ച് ബി.എഫ്‌.ഐ തിങ്കളാഴ്ച തന്നെ രംഗത്തെത്തി. സന്ധ്യ ഗുരുംഗിനെ പരിശീലക ക്യാമ്പിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി ഇക്കാര്യം ചർച്ചചെയ്തുവരികയാണെന്നും ബി.എഫ്‌. ഐ വ്യക്തമാക്കി. ആകെയുള്ള കളിക്കാരുടെ സംഘത്തിന്റെ 33 ശതമാനം സപ്പോർട്ട് സ്റ്റാഫിനെ ഉൾപ്പെടുത്താനേ അനുവാദമുള്ളൂ. അതിനാൽ തന്നെ ബോക്സിംഗിൽ നാല് സപ്പോർട്ട് സ്റ്റാഫിനെ മാത്രമേ അനുവദിക്കാനാകൂ എന്നും ബി.എഫ്‌.ഐ വ്യക്തമാക്കി.എട്ട് പുരുഷ താരങ്ങളും നാലുവനിതാ താരങ്ങളുമാണ് കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്.