
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത അപ്പൊസ്‌തോലിക് വികാരി ബിഷപ്പ് ആന്റണി കരിയിൽ രാജിവച്ചു. വത്തിക്കാൻ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്.
സിറോ മലബാർ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാൻ പ്രതിനിധി ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലി ഇന്ന് കൊച്ചിയിലെത്തി അതിരൂപതാ മെത്രാപ്പൊലീത്താൻ വികാരി മാർ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻപ് നൽകിയ നിർദേശപ്രകാരം ബിഷപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മാർ ആന്റണി കരിയിൽ രാജിവച്ചതെന്നാണ് വിവരം.
കഴിഞ്ഞ 19ന് ലിയോപോൾദോ ജിറേല്ലി മാർ ആന്റണി കരിയിലിനെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ച് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതിൽ മാർപാപ്പയും തിരുസംഘവും അനുമതി നൽകിയിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാജിക്ക് ശേഷം അതിരൂപതയുടെ പരിധിയിൽ താമസിക്കുവാനോ പൊതുപരിപാടികളിൽ പങ്കെടുക്കുവാനോ പാടില്ലെന്ന് നിബന്ധനയുണ്ട്. ഏകീകൃത കുർബാന വത്തിക്കാന്റെയും സിനഡിന്റെയും നിർദേശം പാലിക്കാത്തതിന്റെ പേരിലാണ് മാർ ആന്റണി കരിയിലിനെതിരെ നടപടിയെന്നാണ് സൂചന.