davinchi-suresh

തിരുവനന്തപുരം: കാർഗിൽ രക്തസാക്ഷിയും പരംവീർ ചക്ര ജേതാവുമായ ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായാചിത്രം നിർമിച്ച് വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ്. കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി പാങ്ങോട് മിലിട്ടറി സ്റ്റേഷനിലാണ് ഛായാചിത്രം നിർമിച്ചത്. കാർഗിൽ വിജയ് ദിവസ് സ്മരണയ്ക്കായി ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്‌കൂബ ടീമുമായി ചേർന്നാണ് കരസേന ഈ പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം അധികൃതർ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ടൈലുകൾ ഉപയോഗിച്ച് സൃഷ്ടിച്ച 1500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വെള്ളത്തിനടിയിലെ ഛായാചിത്രം പൂർത്തിയാക്കാൻ 8 മണിക്കൂറാണ് എടുത്തത്. മുഖ്യാതിഥിയായ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷിനും ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടീമിനും മെമന്റോ കൈമാറി. പരിപാടിയുടെ ഭാഗമായി സൈനിക ബാൻഡ് ഡിസ്‌പ്ലേയും സംഘടിപ്പിച്ചു.

കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് ഇന്ന് രാവിലെ നടന്ന ചടങ്ങിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ പാങ്ങോട് യുദ്ധസ്മാരകത്തിൽ കാർഗിൽ യുദ്ധ നായകന്മാർക്ക് പുഷ്പചക്രം അർപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ഓർമക്കായി എല്ലാ വർഷവും ജൂലൈ 26ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ നിത്യസ്മരണയ്ക്കായി ഈ ദിനം ആചരിക്കുന്നു.