super-splendor

ഒരു കാലത്ത് കേരളത്തിലെ യുവാക്കളുടെ ഹൃദയത്തുടിപ്പായിരുന്നു ഹീറോ ഹോണ്ടയുടെ സ്‌പ്ളെൻഡർ. തന്റെ ആദ്യ സിനിമയിലൂടെ കുഞ്ചാക്കോ ബോബൻ യുവാക്കളുടെ ഹൃദയത്തിൽ പിടിമുറുക്കിയപ്പോൾ ചിത്രത്തിൽ താരം ഓടിച്ച സ്‌പ്ളെൻഡറും വൻ ഹിറ്റായി മാറുകയായിരുന്നു. ഹീറോ ഹോണ്ടയുടെ സി ഡി 100നു പകരക്കാരനായി വിപണിയിൽ എത്തിയ സ്‌പ്ളെൻഡർ പക്ഷെ ഹോണ്ടയുടെ 1980കളിലെ പ്രശസ്ത മോഡലായ സി ബി 250 ആർ എസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതായിരുന്നു. സ്‌പ്ളെൻഡറിന് ശേഷം സ്‌പ്ളെൻഡർ+, സ്‌പ്ളെൻ‌‌ഡർ പ്ളസ്, സ്‌പ്ളെൻഡർ പ്രൊ, സ്‌പ്ളെൻഡർ ഐ സ്മാർട്ട് എന്നീ മോഡലുകളും ഹീറോ വിപണിയിൽ എത്തിച്ചിരുന്നു.

ഈ പാത പിന്തുടർന്ന് സ്‌പ്ളെൻഡറിന്റെ ഏറ്റവും പുതിയ മോഡലായ സൂപ്പർ സ്‌പ്ളെൻഡറുമായി എത്തുകയാണ് ഇന്ത്യൻ വാഹന നിർമാതാക്കൾ. സൂപ്പർ സ്‌പ്ളെൻഡറിന്റെ ടീസർ വീഡിയോ കഴിഞ്ഞ ദിവസം ഹീറോ പുറത്തിറക്കിയതോടെയാണ് വാഹനം വാർത്തകളിൽ നിറയാൻ ആരംഭിക്കുന്നത്. എന്നിരുന്നാലും ഇപ്പോഴും സൂപ്പർ സ്‌പ്ളെൻഡറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഹീറോ പുറത്തു വിട്ടിട്ടില്ല.

ഹീറോയുടെ പരമ്പരാഗത 124.7 സി സി എൻജിൻ തന്നെയാണ് സൂപ്പർ സ്‌പ്ളെൻഡറിനും കരുത്തേകുന്നത്. ലിറ്ററിന് 60 മുതൽ 68 വരെ ഇന്ധനക്ഷമതയും നിർമാതാക്കൾ ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്. 125 സിസി വിഭാഗത്തിൽ ലഭിക്കാവുന്ന മികച്ച മൈലേജുകളിൽ ഒന്നാണ് ഇത്.

എയർ കൂൾഡ് സിംഗിൾ സിലിണ്ടർ 5-സ്പീഡ് ഗിയർ ബോക്സ് എൻജിനിൽ നിന്നും 10.7 എച്ച് പി പവറും 10.6 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമല്ലാത്ത സസ്പെൻഷനാണ് സൂപ്പർ സ്‌പ്ളെൻഡറും ഉപയോഗിക്കുന്നത്. സ്‌പ്ളെൻഡറിന്റെ ഡയമണ്ട് ഫ്രെയിം സസ്പെൻഷനിൽ ഒരു മാറ്റത്തിനും ഹീറോ മുതിർന്നിട്ടില്ല. മുന്നിൽ ടെലിസ്കോപിക്ക് ഫോർക്കും അഞ്ച് ഘട്ടങ്ങളിലായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്യുവൽ റിയർ ഷോക്കുകളും വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് സിസ്റ്റമാണ് സ്‌പ്ളെൻഡറിന്റെ മറ്റ് മോഡലുകളിൽ നിന്ന് സൂപ്പർ സ്‌പ്ളെൻഡറിനെ വേറിട്ട് നിർത്തുന്നത്. സ്‌പ്ളെൻഡറിന്റെ മറ്റ് സ്റ്റാൻഡേഡ് മോഡലിൽ 130 എം എം ഡ്രം ബ്രേക്ക് ഓപ്ഷനും 240 എം എമ്മിന്റെ ഡിസ്ക് ബ്രേക്ക് ഓപ്ഷനും ലഭിക്കും. വാഹന ഉടമയ്ക്ക് തന്റെ ആവശ്യം അനുസരിച്ച് ഇഷ്ടമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ഹീറോ പുറത്തിറക്കിയ സൂപ്പർ സ്‌പ്ളെൻഡറിന്റെ ആൾ ബ്ളാക്ക് എഡിഷൻ ടീസറിൽ മുൻ വശത്ത് ഡിസ്ക് ബ്രേക്കുകളാണ് കാണാൻ സാധിക്കുന്നത്. വാഹനത്തിന്റെ എല്ലാ മോഡലുകളിലും ഒരു പക്ഷെ ഡിസ്ക് ബ്രേക്ക് തന്നെയായിരിക്കും മുൻ വശത്ത് നൽകാൻ സാദ്ധ്യത.

വിലയിലും കാര്യമായ മാറ്റത്തിന് ഹീറോ മുതിർന്നിട്ടില്ല. സ്‌പ്ളെൻഡ‌ർ +ഐ 3യുടെ സമാന വിലയായ 71,728 രൂപ (എക്സ് ഷോറും) തന്നെയാണ് സൂപ്പർ സ്‌പ്ളെൻഡറിന്റെ ആൾ ബ്ളാക്ക് എഡിഷന്റെ വില വരുന്നത്. ഇതിന്റെ തന്നെ ഡിസ്ക് വേരിയന്റിന് 81,000 രൂപ എക്സ് ഷോറൂം വില വരുന്നുണ്ട്.