
കിൻഷാസ: കോംഗോയിലെ ഗോമ നഗരത്തിൽ ഐക്യരാഷ്ട്രസഭയ്ക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അമ്പതോളം പേർക്ക് പരിക്കേറ്റു. യു.എൻ സമാധാന സേന നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ദശാബ്ദങ്ങളായി പട്ടാള ഭരണത്തിന് കീഴിൽ അടിച്ചമർത്തപ്പെട്ട കോംഗോ ജനതയെ സംരക്ഷിക്കാൻ യു.എൻ സമാധാനസേനയ്ക്ക് കഴിയാതെ വന്നതോടെയാണ് അവർക്കെതിരെ പ്രക്ഷോഭം ആരംഭിച്ചത്. ഇന്നലെ നടത്ത പ്രതിഷേധത്തിന് ഉത്തരവാദി ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല.
അതേസമയം, പ്രക്ഷോഭകർക്ക് നേരെ യു.എൻ സമാധാനസേന കണ്ണീർവാതക പ്രയോഗിക്കുകയും പലതവണ വെടിവയ്ക്കുകയും ചെയ്തതായി സംഭവസ്ഥലത്തുണ്ടായിരുന്ന റോയിട്ടേഴ്സിന്റെ റിപ്പോർട്ടർ വെളിപ്പെടുത്തി. യു.എൻ സേനയുടെ വെടിയേറ്റ് രണ്ടുപേർ മരിച്ചതായും മറ്റ് ചിലർക്ക് പരിക്കേറ്റതായും ഇയാൾ വെളിപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന സൈന്യമോ പൊലീസോ വെടിവച്ചില്ലെന്നും കൂട്ടിച്ചേർത്തു.
2010ലാണ് ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിൽ യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷന്റെ ഭാഗമായി യു.എൻ. സമാധാനസേന പ്രവർത്തനം ആരംഭിച്ചത്. 2021 നവംബറിൽ 12000 സൈനിക വ്യൂഹങ്ങളെയും 1600ഓളം പൊലീസുകാരെയും കോംഗോയിൽ വിന്യസിച്ചിട്ടുണ്ട്.