jaleel

തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരെ കെ.ടി ജലീൽ മന്ത്രിയായിരിക്കെ കത്ത് അയച്ചെന്ന വിവാദത്തിൽ ജലീലിനെ തള‌ളി മുഖ്യമന്ത്രി. ജലീൽ മാധ്യമത്തിനെതിരെ അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നു. പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ജലീലുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി നേരിൽ കണ്ട് വിഷയം സംസാരിക്കുമെന്നും ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ഗൾഫിൽ നിരവധിപേർ ചികിത്സകിട്ടാതെ മരിച്ചു എന്ന വാർത്തയും ചിത്രവും മാധ്യമം പത്രം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാൻ കോൺസുൽ ജനറലിന്റെ പി.എയ്‌ക്ക് കത്തയച്ചതായും പത്രം നിരോധിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു മുൻപ് വിഷയത്തിൽ ജലീൽ പ്രതികരിച്ചത്. വിഷയത്തിൽ മാധ്യമം പത്രത്തിന്റെ പ്രതിനിധികൾ തന്നെ കണ്ടിരുന്നതായും ജലീലുമായി സംസാരിച്ച ശേഷം തുടർ നടപടിയെടുക്കാമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

അതേസമയം ജലീലിന്റെ നടപടിയെ സിപിഎമ്മും അനുകൂലിച്ചിരുന്നില്ല. പാർട്ടിയോട് ആലോചിച്ചല്ല ജലീൽ കത്തെഴുതിയതെന്നും അത് പ്രോട്ടോകോൾ ലംഘനമാണെങ്കിൽ വിദേശകാര്യ മന്ത്രാലയമാണ് നടപടിയെടുക്കേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ മുൻപ് വ്യക്തമാക്കിയിരുന്നു. മാധ്യമം പത്രം മുൻപ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടാണ് സിപിഎമ്മിന് ഉണ്ടായിരുന്നതെന്നുമാണ് കോടിയേരി പറഞ്ഞത്.