pinarayi-vijayan

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് മരണമടഞ്ഞ മാദ്ധ്യമപ്രവർത്തകനായ കെ എം ബഷീർ നമ്മുടെയെല്ലാം സുഹൃത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സർക്കാർ സർവീസിന്റെ ഭാഗമായി ഇരിക്കുന്ന ഒരാൾ ഓരോ ഘട്ടത്തിലും ഓരോ ചുമതലകൾ വഹിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബഷീറിന്റെ കേസിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും കൂടുതൽ ശക്തമായ നടപടികൾ മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മറ്റ് കാര്യങ്ങളിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്നാണ് നോക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം കനത്ത പ്രതിഷേധങ്ങൾക്കിടെ ആലപ്പുഴ ജില്ലാ കളക്‌ടറായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു. ഇന്ന് രാവിലെ 10 മണിക്കാണ് നിലവിലെ കളക്‌ടറും ഭാര്യയുമായ രേണു രാജിൽ നിന്ന് ശ്രീറാം ചുമതലയേറ്റെടുത്തത്. കളക്‌ടറേറ്റിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ഈ ആഴ്‌ച തന്നെ ശ്രീറാം ചുമതലയേൽക്കുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തീയതി അതീവ രഹസ്യമാക്കി വയ‌്ക്കുകയായിരുന്നു.

രണ്ട് വർഷത്തിൽ കൂടുതലായിട്ട് ആരോഗ്യവകുപ്പിലാണ് വർക്കു ചെയ്യുന്നതെന്നും, ഹെൽത്ത് സിസ്‌റ്റത്തെ കുറിച്ചല്ലാതെ മറ്റൊന്നും അറിയില്ലെന്നായിരുന്നു ചുമതലയേറ്റ ശേഷം ശ്രീറാമിന്റെ പ്രതികരണം. വന്നതല്ലേയുള്ളൂ, പഠിച്ചിട്ട് ഏറ്റവും നല്ല രീതിയിൽ ഇടപെടാനാണ് ഉദ്ദേശം. ആദ്യമായിട്ടല്ലേ കളക്‌ടറാകുന്നത്, എടുത്തു ചാടി ഒന്നും പറയുന്നില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു.

മാദ്ധ്യമപ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ വിചാരണ നേരിടുന്നതിനിടെയാണ് കളക്‌ടറായി ചുമതലയേൽക്കുന്നത്. ആലപ്പുഴയിൽ നിന്ന് എറണാകുളം കളക്‌ടറായാണ് രേണു രാജിന് മാറ്റം.