
അഹമ്മദാബാദ്: മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ വ്യാജമദ്യം കഴിച്ച് 28 പേർ മരിച്ചു. നാല്പതിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബൊട്ടാഡ്, ഭാവ്‌നഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ആശുപത്രിയിലുള്ള ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത് കൂടാതെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഭാവ്നഗർ ഐ.ജി അശോക് കുമാർ യാദവ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ബർവല താലൂക്കിലെ റോജിഡ് വില്ലേജിൽ അവശരായവരെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വ്യാജമദ്യം കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വ്യക്തമായത്. മീതൈൽ ആൾക്കഹോൾ കലർന്ന മദ്യമാണ് ഇവർ കഴിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇവർ വ്യാജമദ്യവില്പനക്കാരിൽ നിന്ന് മദ്യം വാങ്ങിയത്.
ബൊട്ടാഡ്, ഭാവ്നഗർ, ബർവുക, ധൻധുക ജില്ലകളിലുള്ളവരാണ് മദ്യദുരന്തത്തിന് ഇരയായവർ. ബൊട്ടാഡ് ജില്ലയിൽ 22 പേരും മറ്റ് ജില്ലകളിൽ ആറു പേരുമാണ് മരിച്ചത്.
മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ മദ്യവിപണനവും കൈവശം വയ്ക്കലും കുറ്റമാണെങ്കിലും യഥേഷ്ടം വ്യാജമദ്യം ലഭ്യമാണ്.