
പോർട്ട് ഒഫ് സ്പെയിൻ: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കാൻ സാദ്ധ്യത. ഇന്നേവരെ മൂന്ന് മത്സരങ്ങൾ സഞ്ജുവിന് ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ സാധിച്ചിട്ടില്ല. ടി ട്വന്റിയിലായാലും ഏകദിനത്തിലായാലും പരമാവധി രണ്ട് മത്സരങ്ങൾ മാത്രമാണ് സഞ്ജു ഇന്ത്യൻ കുപ്പായത്തിൽ തുടർച്ചയായി കളിച്ചിട്ടുള്ളൂ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും ഈ പതിവ് തെറ്റാൻ സാദ്ധ്യത വളരെ കുറവാണ്.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ സഞ്ജുവിന്റെ പേര് തത്ക്കാലത്തേക്കെങ്കിലും ഇല്ല എന്നതാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കെപ്പെടുന്നവരുടെ കൂട്ടത്തിലുള്ള ഇഷാൻ കിഷനും സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഉണ്ട് താനും. ഇതിൽ ഇഷാൻ കിഷന് ആദ്യ രണ്ട് ഏകദിനങ്ങളിലും അവസരം ലഭിച്ചിട്ടില്ല. ഇഷാൻ കിഷന് പകരമായാണ് സഞ്ജു കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകൾ ചെയ്യാൻ സാധിച്ചില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. നിർഭാഗ്യകരമായ രീതിയിൽ പുറത്താകുമ്പോൾ സഞ്ജു സ്വന്തം പേരിൽ ആദ്യ അന്താരാഷ്ട്ര അർദ്ധ സെഞ്ചുറി കുറിച്ചിരുന്നു.
എന്നാൽ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നതിനാൽ തന്നെ ഇഷാൻ കിഷനും ഓപ്പണർ റിതുരാജ് ഗെയ്ക്ക്‌വാദിനും അവസരം നൽകാൻ ടീം മാനേജ്മെന്റിന് മേൽ സമ്മർദ്ദമുണ്ട്. ഗെയ്ക്ക്‌വാദിനെ കളിപ്പിച്ചാൽ ഓപ്പണർ ശുഭ്മാൻ ഗില്ലായിരിക്കും പുറത്തിരിക്കേണ്ടി വരിക.ഇഷാൻ കിഷൻ കളിക്കണമെങ്കിൽ സഞ്ജുവും പുറത്തിരിക്കേണ്ടി വരും. അതേസമയം ആദ്യ രണ്ട് ഏകദിനങ്ങളിലും തിളങ്ങാൻ സാധിക്കാതിരുന്ന സൂര്യകുമാർ യാദവിനെ മാറ്റിനിർത്തിയാൽ സഞ്ജുവിനും ഇഷാൻ കിഷനും ഒരേസമയം ടീമിൽ ഇടംകിട്ടും. എന്നാൽ ലോകകപ്പ് ടീമിൽ ഏതാണ്ട് സ്ഥാനം ഉറപ്പിച്ച സൂര്യകുമാർ യാദവിനെ ഒഴിവാക്കുക എന്നതും ടീം മാനേജ്മെന്റിന് അത്ര എളുപ്പമായിരിക്കില്ല.