
ന്യൂഡൽഹി: നാളെ ബർമിംഗ്ഹാമിൽ തുടങ്ങുന്ന കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യ്യൻ മെഡൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി ജാവലിൻ ത്രോ താരം നീരജ് ചോപ്രയുടെ പരിക്ക്.
ടോക്യോ ഒളിമ്പിക്സിലെ സ്വർണത്തിന് പിന്നാലെ ഒറിഗോൺ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജിന് ഒരുമാസത്തെ വിശ്രമം വിധിച്ചിരിക്കുന്നതിനാൽ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. നീരജായിരുന്നു ബർമിംഗ്ഹാമിലെ ഉദ്ഘാടനച്ചടങ്ങിൽ ദേശീയപതാക വഹിക്കേണ്ടിയിരുന്നത്. കോമൺവെൽത്ത് ഗെയിംസിന് ശേഷം നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റുകളും നീരജിന് നഷ്ടമാകും.
ലോകചാമ്പ്യൻഷിപ്പിനിടെയാണ് നീരജിന് അടിവയറ്റിൽ പരിക്കേറ്റത്. എം.ആർ.ഐ സ്കാനിംഗ് റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് ഡോക്ടർമാർ വിശ്രമം വിധിച്ചത്. മൂന്ന് വർഷം മുമ്പ് തോളിന് പരിക്കേറ്റ നീരജിന് ദീർഘനാൾ കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്നിരുന്നു. 2018ൽ ഗോൾഡ്കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്ന താരമാണ് നീരജ്.
കോമൺവെൽത്ത് ഗെയിംസിന് നാളെ തുടക്കം
72-ാമത് കോമൺവെൽത്ത് ഗെയിംസിനാണ് നാളെ ബർമിംഗ്ഹാമിൽ തുടക്കമാകുന്നത്. 201 കായികതാരങ്ങളാണ് ഗെയിംസിൽ ഇന്ത്യയ്ക്കായി മാറ്റുരയ്ക്കുക. 106 പുരുഷ താരങ്ങളും 105വനിതകളും ഇന്ത്യൻ സംഘത്തിലുണ്ട്. 20 കായിക ഇനങ്ങളാണ് ഗെയിംസിനുള്ളത് .ഇതിൽ 19 എണ്ണത്തിലും ഇന്ത്യൻ താരങ്ങൾ മാറ്റുരയ്ക്കും. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതാ ക്രിക്കറ്റിൽ ഇന്ത്യൻ ടീം മത്സരിക്കും.
ഒളിമ്പിക് മെഡൽ ജേതാക്കളായ പി.വി സിന്ധു, മീരഭായ് ചാനു,ലവ്‌ലിന ബോർഗോഹെയ്ൻ,രവികുമാർ തുടങ്ങിയവർക്കൊപ്പം മലയാളികളായ പി.ആർ ശ്രീജേഷ് , ശ്രീശങ്കർ, ആൻസി സോജൻ, ട്രീസ ജോളി, സുനൈന കുരുവിള തുടങ്ങിയവരും മത്സരിക്കും.