
ഗ്വാളിയോർ: വീട്ടിൽ കിട്ടിയ കറന്റ് ബില്ലിന്റെ ഷോക്കിൽ വീട്ടുടമ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പത്തും ആയിരവുമല്ല 3419 കോടിയുടെ ബില്ലാണ് മദ്ധ്യ ക്ഷേത്ര വിദ്യുത് വിതരൺ കമ്പനി എന്ന സംസ്ഥാന സർക്കാർ ഉടമസ്ഥതയിലെ കമ്പനി നൽകിയത്.
ബിൽ ഒരു കൈപ്പിഴ പറ്റിയതാണെന്നും ശരിയായ ബിൽ 1300 രൂപയാണെന്നും പിന്നീട് വിഷയം വലിയ വാർത്തയായതോടെ കമ്പനി അറിയിച്ചു. ഈ തുകയുടെ ബില്ലും ഇവർക്ക് നൽകി. ജൂലായ് 20നാണ് തെറ്റായ ബിൽ നൽകിയത്. എത്ര യൂണിറ്റ് ഉപയോഗിച്ചു എന്ന് രേഖപ്പെടുത്തേണ്ടയിടത്ത് കമ്പനിയിൽ ബിൽ തയ്യാറാക്കിയ ജീവനക്കാരൻ കൺസ്യൂമർ നമ്പരെഴുതി. ഇതോടെയാണ് ഇത്ര വലിയ തുക ബിൽ വന്നതെന്ന് കമ്പനി അറിയിച്ചു. തെറ്റ് തിരുത്തിയതായും പ്രശ്‌നമുണ്ടാക്കിയ ജീവനക്കാരനെതിരെ നടപടിയെടുത്തതായും മദ്ധ്യപ്രദേശ് വൈദ്യുതിമന്ത്രി പ്രദ്യുമൻ സിംഗ് തോമർ അറിയിച്ചു.