
ബംഗളൂരു: മംഗളൂരുവിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. യുവമോർച്ച ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാറാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് കടന്നുകളയുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
സ്വന്തമായി നടത്തിയിരുന്ന കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്നുപേർ പ്രവീണിനെ വളഞ്ഞിട്ട് ആക്രമിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. ഉടൻതന്നെ സമീപത്തെ ബിജെപി പ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.