
കൊച്ചി: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് അഞ്ച് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ സിനിമാ-സീരിയൽ നടിയും കൂട്ടാളിയും കസ്റ്റഡിയിൽ. നടി അശ്വതി ബാബുവും കാക്കനാട് സ്വദേശി നൗഫലുമാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ആറരയോടെ ദേശീയപാതയിൽ ആലുവ മുട്ടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം.
കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രംവരെയുള്ള റോഡിലൂടെയാണ് യുവാവ് അഭ്യാസപ്രകടനം നടത്തിയത്. മരണപ്പാച്ചിലിനിടെ കാറ് നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു. ഇടിച്ചിട്ടും കാർ നിർത്താതെ പോയതോടെ ഇവരെ പിടികൂടാൻ മറ്റ് വാഹനങ്ങൾ പിന്നാലെ പാഞ്ഞു. ചേയ്‌സിംഗിന് ഒടുവിൽ ഒരു വാഹനം വട്ടംവച്ചു തടഞ്ഞുനിർത്തിയെങ്കിലും റോഡിന്റെ മറ്റൊരു വശത്തുകൂടെ വാഹനം എടുക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടയിൽ കാറിന്റെ ടയർ പൊട്ടി. പിന്നീടും വാഹനം എടുക്കാൻ തുടങ്ങിയപ്പോൾ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ആളുകൾ കൂടിയതോടെ നടി നൗഫലിനെ സ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചു. ഒളിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവർക്ക് മെഡിക്കൽ പരിശോധന നടത്തും. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു. ഇവർ മുൻപും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്.