
പട്ടാമ്പി: കൊപ്പത്ത് ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. വണ്ടുംതറ വടക്കുംമുറിയിൽ കടുകത്തൊടി പടിഞ്ഞാറേതിൽ അബ്ബാസ്(54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നെല്ലായ കുണ്ടിൽവീട്ടിൽ മുഹമ്മദ് അലി (40)നെ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം.
വിവാഹ ബ്രോക്കറായ അബ്ബാസ്, മുഹമ്മദ് അലിക്ക് വിവാഹാലോചന ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് 10000 രൂപ വാങ്ങിയിരുന്നു. മാസങ്ങൾ ഏറെയായിട്ടും വിവാഹാലോചനയൊന്നും ശരിയാവാത്തതിനെ തുടർന്ന് അബ്ബാസ് അസ്വസ്തനായിരുന്നു. ബ്രോക്കറിൽ നിന്ന് യുവാവ് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തിങ്കളാഴ്ച രാത്രി ഇതേചൊല്ലി ഫോണിലൂടെ മൂന്നിലേറെ തവണ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
ചൊവ്വാഴ്ച രാവിലെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മുഹമ്മദ് അലി വീട്ടിൽ നിന്നും അബ്ബാസിനെ വിളിച്ചിറക്കി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തുരുതുരാ കുത്തുകയായിരുന്നു. അബ്ബാസിന്റെ മകൻ ശിഹാബ് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൃത്യം നടത്തിയശേഷം പ്രതി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. കഴുത്തിനും നെഞ്ചിനും കുത്തേറ്റ അബ്ബാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃത്യം നടത്തി മടങ്ങവേ മുഹമ്മദ് അലിയെ കുലുക്കല്ലൂർ ഇടുതറയിൽവച്ചാണ് കൊപ്പം എസ്.ഐ എം.ബി.രാജേഷ് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഷൊർണൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: നഫീസ. മക്കൾ: സുഹ്ര, സാജിത, ശിഹാബുദ്ദീൻ, ഇർഷാദ്, അസീസ്, സാഹിറ, സീനത്ത്.