
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ടികംഗഡ് ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള പശു സംരക്ഷണ കേന്ദ്രത്തിൽ അജ്ഞാതർ വിരുന്ന് നടത്തി. മദ്യപിക്കുന്നതിന്റെയും മാംസം പാകം ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.
തിങ്കളാഴ്ച വൈകുന്നേരം ചന്ദ്രപുര ഗ്രാമത്തിലെ രാം ഹർഷൻ ഗോശാലയുടെ പരിസരത്ത് നടന്ന പാർട്ടിയിൽ ചുരുങ്ങിയത് പതിനഞ്ച് പേരെങ്കിലും പങ്കെടുത്തിട്ടെന്ന് ബൽദേവ്ഗഡ് ജൻപദ് പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രഭാഷ് ഘൻഘോറിയ പറഞ്ഞു.
അഹിർവാർ സമുദായത്തിൽപ്പെട്ട ഒരാൾ അടുത്തിടെ കൊലക്കേസിൽ അറസ്റ്റിലായിരുന്നു. തുടർന്ന് സമുദയത്തിൽ നിന്ന് ഇയാളെ പുറത്താക്കി. ഈ വിലക്ക് നീക്കിക്കിട്ടാൻ മദ്യവും മാംസവുമുള്ള പാർട്ടി നൽകണമെന്ന് സമുദായാംഗങ്ങൾ ഇയാളോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം.
ഗോശാലയിൽ പാർട്ടി നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ബജ്റംഗ്‌ദൾ അംഗങ്ങൾ ഇവിടെയെത്തുകയായിരുന്നു. എന്നാൽ പ്രതികൾ ഓടി രക്ഷപ്പെട്ടു. 35 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ വർഷമാണ് സർക്കാർ ഗോശാല നിർമിച്ചത്. മുൻ സർപഞ്ച് മീരാ തിവാരിയുടെ റാം ഹർഷദ് ഗ്രൂപ്പാണ് ഇത് നടത്തുന്നത്.